‘ഇവിടെയാണ് ഭാവി’ നക്ഷത്രമേ നയിച്ചാലും
Friday, February 3, 2023 2:47 AM IST
സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ്ലി... ശേഷം സ്ക്രീനിൽ ശുഭ്മൻ ഗിൽ!!! ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോഹ്ലിക്കുശേഷം ആരെന്ന ചോദ്യത്തിന്റെ ഉത്തരമാണ് 23കാരനായ ശുഭ്മൻ ഗിൽ. പറയുന്നത് മറ്റാരുമല്ല കോഹ്ലി തന്നെ. ന്യൂസിലൻഡിന് എതിരായ മൂന്നാം ട്വന്റി-20 ക്രിക്കറ്റിൽ ശുഭ്മൻ ഗിൽ സെഞ്ചുറി നേടിയതിനു പിന്നാലെയാണ് കോഹ്ലിയുടെ പ്രതികരണമെത്തിയത്. ഗില്ലിനെ ആശ്ലേഷിക്കുന്ന ചിത്രം പങ്കുവച്ച് കോഹ്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ: ‘നക്ഷത്രം. ഇവിടെയാണ് ഭാവി’.
റണ്‍ മെഷീൻ
സച്ചിൻ തെണ്ടുൽക്കർ അവസാന കാലഘട്ടത്തിലേക്ക് കടന്നപ്പോഴേക്കും കോഹ്ലി എത്തിയതുപോലെ, ഇതാ ഇപ്പോൾ ശുഭ്മൻ ഗിൽ ഇന്ത്യൻ ക്രിക്കറ്റ് ആകാശത്ത് ഉദിച്ചിരിക്കുന്നു. ഇന്ത്യയുടെ ഓൾ ഫോർമാറ്റ് റണ്‍ മെഷീൻ എന്നാണ് ഇതിനോടകം ഗിൽ വിശേഷിപ്പിക്കപ്പെടുന്നത്. ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി-20യിലെ 63 പന്തിൽ 126 നോട്ടൗട്ട് ഇന്നിംഗ്സിനു പിന്നാലെയാണിതെന്നതാണ് ശ്രദ്ധേയം. ഗില്ലിന്റെ ആറാമത് മാത്രം രാജ്യാന്തര ട്വന്റി-20 ആയിരുന്നു അത്. ക്രിക്കറ്റ് കോപ്പി ബുക്കിലെ എല്ലാ ഷോട്ടുകളും അതിന്റെ ഏറ്റവും അനായാസ രീതിയിൽ എടുക്കുന്നതാണ് ഗില്ലിന്റെ പ്രത്യേകത. 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരേ ടെസ്റ്റിൽ കന്നി സെഞ്ചുറി നേടി. ന്യൂസിലൻഡിനെതിരായ ഏകദിന പരന്പരയിൽ ഇരട്ടസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററായി. തൊട്ടുപിന്നാലെ ട്വന്റി-20യിൽ ഇന്ത്യക്കായി ഏറ്റവും ഉയർന്ന
സ്കോർ നേടുന്ന താരവും...
സ്മൂത്ത്മൻ ഗിൽ
മൂന്നാം ട്വന്റി-20യിൽ സെഞ്ചുറിയിലേക്ക് ഗിൽ കുതിച്ചപ്പോൾ ആയാസരഹിതമായ ഷോട്ടുകൾ ആരാധകരെ ആവേശത്തിലാക്കി. ഗില്ലിന്റെ ഈ അനായാസ ബാറ്റിംഗ് അദ്ദേഹത്തിന് ഒരു ചെല്ലപ്പേര് സമ്മാനിച്ചിട്ടുണ്ട്, സ്മൂത്ത്മൻ ഗിൽ... ന്യൂസിലൻഡിനെതിരായ ഏകദിന, ട്വന്റി-20 പരന്പരയുടെ ആകെത്തുകയാണ് ശുഭ്മൻ ഗിൽ. ഏകദിന പരന്പരയിൽ 360 റണ്‍സാണ് ഗിൽ നേടിയത്. മൂന്ന് മത്സര പരന്പരയിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടുന്നതിൽ ബാബർ അസമിന്റെ റിക്കാർഡിനൊപ്പവും ഗിൽ എത്തിയിരുന്നു.
മൂന്ന് ഫോർമാറ്റിലും സെഞ്ചുറി
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത് ഇന്ത്യൻ ബാറ്ററാണ് ശുഭ്മൻ ഗിൽ. സുരേഷ് റെയ്ന, രോഹിത് ശർമ, കെ.എൽ. രാഹുൽ, വിരാട് കോഹ്ലി എന്നിവരാണ് മുന്‍പ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ കളിക്കാർ. ലോകത്തിൽ മൂന്ന് ഫോർമാറ്റിലും സെഞ്ചുറി നേടുന്ന 21-ാമത് മാത്രം കളിക്കാരനുമായി ശുഭ്മൻ ഗിൽ.
ശുഭ്മൻ ഗിൽ രാജ്യാന്തര കരിയർ
ഫോർമാറ്റ് മത്സരം റണ്‍സ് ശരാശരി 100/50 ഉയർന്ന സ്കോർ
ഏകദിനം: 21 1254 73.76 4/5 208
ടെസ്റ്റ്: 13 736 32.00 1/4 110
ട്വന്റി-20: 6 202 40.40 1/0 126*