എലേന x അരിന ഫൈനൽ ഇന്ന്
Saturday, January 28, 2023 1:10 AM IST
മെൽബണ്‍: 2023 സീസണിലെ ആദ്യ ഗ്രാൻസ്ലാം വനിതാ സിംഗിൾസ് ചാന്പ്യനാകാനുള്ള കിരീടപോരാട്ടം ഇന്ന്. അഞ്ചാം സീഡായ ബെലാറൂസിന്റെ അരിന സബലെങ്കയും 22-ാം സീഡായ കസാക്കിസ്ഥാന്റെ എലെന റബാകിനയും തമ്മിലാണ് കിരീടപോരാട്ടം. അരിന സബലെങ്കയുടെ കന്നി ഗ്രാൻസ്ലാം ഫൈനലാണിത്.
അതേമയം, 2022 വിംബിൾഡണ്‍ ചാന്പ്യനാണ് എലെന. സെമിയിൽ 24-ാം സീഡായ വിക്ടോറിയ അസരെങ്കയെ 6-7 (4-7), 3-6 ന് കീഴടക്കിയാണ് എലെന ഫൈനലിൽ പ്രവേശിച്ചത്. പോളണ്ടിന്റെ സീഡില്ലാത്ത മഗ്ദ ലിനെറ്റിനെ 6-7 (1-7), 2-6നു സെമിയിൽ മറികടന്നായിരുന്നു സബലെങ്കയുടെ ഫൈനൽ പ്രവേശം.
ജോക്കോ x സിറ്റ്സിപാസ്
പുരുഷവിഭാഗം സിംഗിൾസ് ഫൈനലിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചും ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും കൊന്പുകോർക്കും. മൂന്നാം സീഡായ സ്റ്റെഫാനോസ് കന്നി ഗ്രാൻസ്ലാം കിരീടമാണ് ലക്ഷ്യമിടുന്നത്. അതേസമയം, റിക്കാർഡ് നേട്ടമായ 22-ാം ഗ്രാൻസ്ലാം കിരീടത്തിനാണ് ജോക്കോവിച്ചിന്റെ ശ്രമം. നാളെയാണ് പുരുഷ ഫൈനൽ.
സെമിയിൽ മൂന്നാം സീഡായ സിറ്റ്സിപാസ് 7-6 (7-2), 6-4, 6-7 (6-8), 6-3ന് റഷ്യയുടെ കരെൻ ഖാചനോവിനെയാണ് തോൽപ്പിച്ചത്. അമേരിക്കയുടെ ടോമി പോളിനെ 5-7, 1-6, 2-6ന് മറികടന്നായിരുന്നു നൊവാക് ജോക്കോവിച്ചിന്റെ ഫൈനൽ പ്രവേശം.
ഓസ്ട്രേലിയൻ ഓപ്പണിൽ തുടർച്ചയായ ജയം എന്ന റിക്കാർഡും ഇതോടെ നൊവാക് ജോക്കോവിച്ച് കുറിച്ചു. ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിന്റെ 27-ാം തുടർ ജയമാണിത്.