സിആർ 7 അല്‍ നസറില്‍ അരങ്ങേറി
Tuesday, January 24, 2023 12:25 AM IST
റിയാദ്: സൗദി പ്രോ ലീഗിൽ ആദ്യ മത്സരം കളിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ എത്തിഫാക്കിനെതിരേയാണു റൊണാൾഡോ അൽ നസറിനായുള്ള ആദ്യ മത്സരം കളിച്ചത്. അൽ നസറിന്റെ ഹോം ഗ്രൗണ്ടായ മർസൂൽ പാർക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം.
മത്സരത്തിൽ അൽ നസർ എതിരില്ലാത്ത ഒരു ഗോളിന് എത്തിഫാക്കിനെ കീഴടക്കി. മത്സരത്തിന്റെ 31-ാം മിനിറ്റിൽ ബ്രസീലിയൻ മിഡ്ഫീൽഡർ ടാലിസ്കയാണ് അൽ നസറിന്റെ വിജയഗോൾ നേടിയത്. നായകപദവിയിലിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 90 മിനിറ്റും കളിച്ചെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. 14 മത്സരങ്ങളിൽ 33 പോയിന്റുമായി ലീഗ് പട്ടികയിൽ ഒന്നാമതാണ് അൽ നസർ.
കഴിഞ്ഞ ദിവസം പിഎസ്ജിക്കെതിരേ റിയാദ് ഓൾ സ്റ്റാർസ് ടീമിനായി കളിക്കാനിറങ്ങിയ റൊണാൾഡോ ഇരട്ടഗോൾ നേടിയിരുന്നു. മത്സരം 5-4ന് പിഎസ്ജി വിജയിച്ചു. ഖത്തർ ലോകകപ്പിനുശേഷമാണ് റിക്കാർഡ് തുകയ്ക്കു ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിലെത്തിയത്. രണ്ടര വർഷത്തേക്കാണു കരാർ.