ഗാവി, ചാവി, ബാഴ്സ
Tuesday, January 17, 2023 1:47 AM IST
റിയാദ്: ചാവി ഹെർണാണ്ടസിന്റെ ശിക്ഷണത്തിനു കീഴിൽ സ്പാനിഷ് സൂപ്പർ ക്ലബ്ബായ ബാഴ്സലോണയ്ക്ക് ആദ്യകിരീടം.
സൗദി അറേബ്യയിലെ റിയാദിൽ അരങ്ങേറിയ സൂപ്പർ കോപ്പ ഫൈനലിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ തകർത്ത് ബാഴ്സലോണ കിരീടം സ്വന്തമാക്കി. 3-1നായിരുന്നു ബാഴ്സലോണയുടെ ജയം. 2021 നവംബറിൽ ബാഴ്സലോണയുടെ പരിശീലകനായശേഷം ചാവിയുടെ ആദ്യ കിരീടനേട്ടമാണിത്.
കൗമാരതാരം ഗാവിയുടെ മിന്നും പ്രകടനമാണ് ബാഴ്സയ്ക്ക് ജയമൊരുക്കിയത്. സൂപ്പർ കോപ്പ ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാർഡ് 18കാരനായ ഗാവി സ്വന്തമാക്കി. ചാവിയുടെ പേരിലുള്ള റിക്കാർഡാണ് ഗാവി പഴങ്കഥയാക്കിയത് എന്നതാണ് ശ്രദ്ധേയം.
ഗാവി (33’), റോബർട്ട് ലെവൻഡോവ്സ്കി (45’), പെദ്രി (69’) എന്നിവരാണ് ബാഴ്സയ്ക്കായി ഗോൾ നേടിയത്. രണ്ടും മൂന്നും ഗോളിന് വഴിയൊരുക്കിയതും ഗാവി ആയിരുന്നു. 90+3-ാം മിനിറ്റിൽ കരിം ബെൻസെമയുടെ വകയായിരുന്നു റയൽ മാഡ്രിഡിന്റെ ആശ്വാസഗോൾ.