ഈ സ്വർണം ഒരമ്മ തീച്ചൂളയിൽ കടഞ്ഞെടുത്തത്
തോമസ് വർഗീസ്
Monday, December 5, 2022 2:11 AM IST
തിരുവനന്തപുരം: പാചകപ്പുരയിലെ തീക്കനൽച്ചൂടിലിരുന്ന് അമ്മ കണ്ട സ്വപ്നം വിജയത്തിന്റെ രുചിക്കൂട്ടാക്കിയ അഷ്മികയ്ക്ക് ജംപിംഗ് പിറ്റിൽ സ്വർണത്തിളക്കം.
സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ പെണ്‍കുട്ടികളുടെ ഹൈജംപിൽ മകൾ അഷ്മിക വിജയത്തിലേക്കു കുതിക്കുന്പോൾ ഉള്ളു വേവുന്ന നീറ്റലോടെ അൽപം അകലെ അമ്മ ബിജിയുമുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി മകൾ സി.പി. അഷ്മിക പരിശീലനം മുടങ്ങിപ്പോകാതിരിക്കുന്നതിനായി അവൾ പഠിക്കുന്ന കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂൾ ഹോസ്റ്റലിലെ പാചകക്കാരിയും സഹായിയുമായി ജോലി ചെയ്യുകയാണ് ആ അമ്മ.
മൂന്നു വർഷം മുൻപ് മൂത്ത മകൻ അഭിജിത്തിനെ കായിക പരിശീലനത്തിനു ചേർക്കുന്നതിനായാണ് ബിജി ആദ്യമായി സ്കൂളിൽ എത്തിയത്. പിന്നീട് മകനെ കാണാൻ ബിജിയും ഭർത്താവ് ഭാസ്കരനും ഇടയ്ക്കിടെ പോകുന്പോൾ മകൾ അഷ്മികയെയും ഒപ്പം കൂട്ടുമായിരുന്നു. അവിടെയെത്തുന്പോൾ ഏഴാം ക്ലാസുകാരിയായ മകൾക്കും അവിടെത്തന്നെ പഠിക്കണമെന്നു വാശി. എന്നാൽ രണ്ടു മക്കളെയും ഒരുമിച്ചു കായിക പരിശീലനത്തിന് അയയ്ക്കാനുള്ള സാന്പത്തിക സ്ഥിതിയിലായിരുന്നില്ല ആ കുടുംബം. ലോറി ഡ്രൈവറായ ഭർത്താവ് ഭാസ്കരന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിനുണ്ടായിരുന്ന ഏക പിന്തുണ.
പക്ഷേ മകളുടെ ആഗ്രഹം കണ്ടില്ലെന്നു നടിക്കാനും കഴിയുന്നില്ല. അതോടെ ആ അമ്മ ധർമസങ്കടത്തിലായി. ഒടുവിൽ കോച്ച് ടോമി ചെറിയാനോട് സംസാരിച്ചപ്പോൾ കുട്ടികളുടെ ഹോസ്റ്റലിൽ ഭക്ഷണം തയാറാക്കുന്നതിനും സഹായത്തിനുമൊക്കെയായി നിർത്താമെന്ന് അറിയിച്ചു. ഒട്ടും മടിക്കാതെ അമ്മ മകൾക്കൊപ്പം ഹോസ്റ്റലിൽ താമസം ആരംഭിച്ചു. മക്കൾ അതിരാവിലെ കായിക പരിശീലനത്തിനായി പോകുന്പോൾ അവർക്കും കൂട്ടുകാർക്കുമുള്ള ഭക്ഷണം തയാറാക്കുന്നതിനായി ബിജി ഹോസ്റ്റലിലെ മറ്റു ജോലിക്കാർക്കൊപ്പം ചേരും. തങ്ങൾക്ക് സഹായവും പിന്തുണയുമായി എപ്പോഴും ഒപ്പമുള്ള അഭിജിത്തിന്റെയും അശ്മികയുടെയും അമ്മ ഇപ്പോൾ അവരുടെ കൂട്ടുകാരുടെയും പ്രിയപ്പെട്ട അമ്മയാണ്.
സംസ്ഥാന സ്കൂൾ കായികമേളയിലെ കന്നിക്കാരിയായ അഷ്മിക ഹൈജംപിൽ സ്വർണം സ്വന്തമാക്കിയപ്പോൾ വിജയത്തിന് തിളക്കമേറെയാണ്. അസമിൽ നടന്ന ദേശീയ ജൂനിയർ മീറ്റിൽ 1.46 മീറ്റർ ചാടി സ്വർണം സ്വന്തമാക്കിയ അഷ്മിക സംസ്ഥാന ഇന്റർ ക്ലബ് ചാന്പ്യൻഷിപ്പിൽ 1.47 മീറ്റർ ചാടി പുതിയ റിക്കാർഡും സ്വന്തം പേരിൽ കുറിച്ചു. പരിശീലനത്തിനിടെ ഏറ്റ പരിക്കിനോടും പടപൊരുതിയാണ് അഷ്മിക ജംപിംഗ് പിറ്റിലേക്ക് കുതിച്ചത്. .
സഹോദരൻ അഭിജിത്ത് ലോംഗ് ജംപ്, ട്രിപ്പിൾ ജംപ്, ഹൈജംപ് എന്നീ ഇനങ്ങളിലാണ് ഇക്കുറി മത്സരിക്കുന്നത്. ഇന്റർക്ലബ് ചാന്പ്യൻഷിപ്പിലും സൗത്ത് സോണ്‍ ചാന്പ്യൻഷിപ്പിലും മെഡൽ ജേതാവ് കൂടിയാണ് അഭിജിത്ത്. ടോമി ചെറിയാന്റെ കൃത്യതയാർന്ന പരിശീലനമാണ് അഷ്മികയുടെ മിന്നും വിജയത്തിനു പിന്നിലുള്ള മറ്റൊരു ശക്തി.