ഇന്ത്യ x ഓസ്ട്രേലിയ മൂന്നാം മത്സരം ഇന്ന്
Saturday, September 24, 2022 11:42 PM IST
ഹൈദരാബാദ്: ഇന്ത്യ x ഓസ്ട്രേലിയ ട്വന്റി-20 ക്രിക്കറ്റ് ട്രോഫിയിൽ ആര് ചുംബിക്കും എന്ന് ഇന്നു തീരുമാനം. പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് രാത്രി 7.00ന് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറും. ആദ്യമത്സരത്തിൽ ഓസ്ട്രേലിയയും രണ്ടാം പോരാട്ടത്തിൽ ഇന്ത്യയും ജയിച്ചിരുന്നു.
20 പന്തിൽ 46 റണ്സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ രോഹിത് ശർമയായിരുന്നു രണ്ടാം ട്വന്റി-20യിൽ ഇന്ത്യൻ ബാറ്റിംഗിലെ കരുത്ത്. ദിനേശ് കാർത്തികിന്റെ ഫിനിഷിംഗ് പാടവം തെളിഞ്ഞ മത്സരവുമായിരുന്നു.
ബൗളിംഗിൽ ജസ്പ്രീത് ബുംറ തിരിച്ചെത്തിയത് ആശ്വാസമായി. അക്സർ പട്ടേലിന്റെ മിന്നും പ്രകടനമാണ് രണ്ടാം ട്വന്റി-20യിലെ മറ്റൊരു ശ്രദ്ധേയ സംഭവം. ഹർഷൽ പട്ടേൽ എക്സ്പൻസീവ് ആയിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം മത്സരത്തിൽ ഹാർഷൽ ടീമിൽ ഉണ്ടാകുമോ എന്നു കണ്ടറിയണം.
ഫ്ളാറ്റ് പിച്ച്
പൊതുവേ ഫ്ളാറ്റ് പിച്ചാണ് ഇവിടത്തേത്. മത്സരം പുരോഗമിക്കുന്തോറും സ്ലോ ആകുന്നതാണ് മുൻകാല ചരിത്രം. അതുകൊണ്ടുതന്നെ പേസർമാരേക്കാൾ സ്പിന്നർമാർക്ക് ആനുകൂല്യം ലഭിക്കും. രണ്ടാം ട്വന്റി-20 മഴയെത്തുടർന്ന് എട്ട് ഓവർ ആക്കി ചുരുക്കിയിരുന്നു. അതുകൊണ്ടുതന്നെ മഴയുടെ സാധ്യത പരിശോധിച്ചാൽ, പകൽ 24 ശതമാനവും രാത്രി 22 ശതമാനവും മാത്രമാണ്.
രണ്ടാം ട്വന്റി-20
ഈ സ്റ്റേഡിയത്തിൽ ഒരു രാജ്യാന്തര ട്വന്റി-20 മത്സരം മാത്രമാണ് ഇതുവരെ അരങ്ങേറിയത്. 2019ൽ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസും തമ്മിലുള്ള പോരാട്ടമായിരുന്നു അത്. അന്ന് വിൻഡീസ് ആദ്യം ബാറ്റ് ചെയ്ത് 207 റണ്സ് അടിച്ചുകൂട്ടി. എന്നാൽ, നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം നേടി. 50 പന്തിൽ 94 റണ്സ് നേടിയ വിരാട് കോഹ്ലിയുടെ ഇന്നിംഗ്സ് ആയിരുന്നു അന്ന് ഇന്ത്യക്ക് ജയം നൽകിയത്.
എന്നാൽ, 2017 ഒക്ടോബറിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഇവിടെ ആദ്യമായി ട്വന്റി-20 നടക്കേണ്ടതായിരുന്നു. മഴയെത്തുടർന്ന് അന്ന് മത്സരം നടന്നില്ല. അതുകൊണ്ടുതന്നെ ഈ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന രണ്ടാമത് ട്വന്റി-20 ആണ് ഇന്നത്തേത്.