ലിവിംഗ് ലെജന്‍ഡ്സ് കപ്പുമായി സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രറ്റേണിറ്റി
Tuesday, September 20, 2022 12:16 AM IST
കൊച്ചി: സിനിമ, ടെലിവിഷന്‍, മാധ്യമമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്രിക്കറ്റ് ടീമുകളുടെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ 22 വരെ ലിവിംഗ് ലെജന്‍ഡ്സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ സുനില്‍ ഗാവസ്കര്‍, കപില്‍ദേവ്, സച്ചിന് ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എം.എസ്. ധോണി എന്നിവരുടെ പേരുകളിലുള്ള ആറു ടീമുകളാണ് മത്സരിക്കുന്നത്.
ഐപിഎല്‍ മാതൃകയില്‍ കളിക്കാരെ ലേലംകൊണ്ട് നടത്തുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതും 40 വയസിനു മുകളിലുള്ളവരാണ്. ലഹരി വിപത്തിനെതിരേ ഒരു പ്രചാരണം എന്ന നിലയില്‍ സേ നോ ടു ഡ്രഗ്സ് എന്നതാണ് ടൂര്‍ണമെന്റിന്റെ സ്ലോഗണ്‍.
20നു രാവിലെ 10ന് നര്‍ക്കോട്ടിക് സെല്‍ കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ സലാമും ചലച്ചിത്രതാരം അന്‍സിബയും ചേര്‍ന്ന് മത്സരം ഉദ്ഘാടനം ചെയ്യും. 22ന് ഉച്ചയ്ക്ക് രണ്ടിന് ഫൈനല്‍. വാർത്താസമ്മേളനത്തില്‍ ഫ്രറ്റേണിറ്റി പ്രസിഡന്റ് അനില്‍ തോമസ്, സെക്രട്ടറി സജി സുരേന്ദ്രന്, വൈസ് പ്രസിഡന്റ് സാജു നവോദയ, ജോയിന്റ് സെക്രട്ടറി വിനോദ് കുമാര്‍, ട്രഷറര്‍ സുദീപ് കാരക്കാട്ട് എന്നിവര്‍ പങ്കെടുത്തു.