സഞ്ജു കളിക്കുമോ...?
Tuesday, June 28, 2022 2:24 AM IST
അയർലൻഡിന് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ ആദ്യപോരാട്ടത്തിൽ അവസരം ലഭിക്കാതിരുന്ന മലയാളി വിക്കറ്റ് കീപ്പർ- ബാറ്റർ സഞ്ജു വി. സാംസണ് ഇന്നു നടക്കുന്ന രണ്ടാം മത്സരത്തിൽ കളിക്കുമോ എന്നറിയാൻ ആരാധകരുടെ കാത്തിരിപ്പ്. അയർലൻഡിന് എതിരായ ട്വന്റി-20 ടീമിലേക്ക് സഞ്ജുവിന് ക്ഷണം ലഭിച്ചപ്പോൾ മുതൽ അദ്ദേഹം കളിക്കുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.
അയർലൻഡിന് എതിരായ ആദ്യ ട്വന്റി-20യിൽ സഞ്ജുവിനു പകരം ദീപക് ഹൂഡയെയാണ് ഇന്ത്യ പ്ലേയിംഗ് ഇലവണിൽ ഇറക്കിയത്. ഹൂഡ (29 പന്തിൽ 47 നോട്ടൗട്ട്) ലഭിച്ച അവസരം മുതലാക്കി മികച്ച ബാറ്റിംഗ് കാഴ്ചവയ്ക്കുകയും ചെയ്തു.
സൂര്യകുമാർ യാദവ് ഗോൾഡൻ ഡെക്ക് ആയെങ്കിലും ഇന്നും പ്ലേയിംഗ് ഇലവണിൽ ഉണ്ടാകാനാണ് സാധ്യത. ദിനേഷ് കാർത്തിക്കായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. അതിനും മാറ്റം വരാൻ സാധ്യത കുറവാണ്. ആദ്യമത്സരത്തിലെ ടീമിനെ നിലനിർത്താനാണ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ താത്പര്യപ്പെടുന്നതെങ്കിൽ ഇന്നും സഞ്ജു പുറത്തിരിക്കേണ്ടിവരും.