രണ്ട് ചുവപ്പു കണ്ടിട്ടും ആലിസണ് അകത്തുതന്നെ!
Saturday, January 29, 2022 12:01 AM IST
ക്വീറ്റോ (ഇക്വഡോർ): രാജ്യാന്തര ഫുട്ബോൾ വേദിയിലെ അത്യപൂർവ സംഭവവികാസങ്ങളായിരുന്നു 2022 ഖത്തർ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബ്രസീലും ഇക്വഡോറും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ അരങ്ങേറിയത്.
അഞ്ച് മഞ്ഞക്കാർഡും രണ്ട് ചുവപ്പ് കാർഡും പിറന്ന മത്സരത്തിൽ ബ്രസീൽ ഗോളി ആസിലണ് ബെക്കർ രണ്ട് തവണ ചുവപ്പ് കാർഡ് കണ്ടെങ്കിലും കളിക്കളത്തിൽ തുടർന്നു. രണ്ട് തവണയും വിഎആറിന്റെ പിന്തുണയോടെയായിരുന്നു ആലിസണ് രക്ഷപ്പെട്ടത്.
26-ാം മിനിറ്റിൽ ബോക്സിനു പുറത്തേക്ക് പാഞ്ഞെത്തിയ ആലിസണ് കാലുയർത്തി പന്ത് ക്ലിയർ ചെയ്തു. എന്നാൽ, പന്തിനായി പാഞ്ഞെത്തിയ ഇക്വഡോറിന്റെ എന്നെർ വലൻസിയയുടെ മുഖത്ത് ആലിസണിന്റെ കാൽ കൊണ്ടു. റഫറി ഉടൻ തന്നെ ചുവപ്പുകാർഡ് ഉയർത്തി. എന്നാൽ, വിഎആറിലൂടെ റഫറി തീരുമാനം പുനഃപരിശോധിച്ചു. പന്തിലാണ് ആലിസണിന്റെ കാൽ ആദ്യം കൊണ്ടതെന്നത് വ്യക്തമായതോടെ ശിക്ഷ മഞ്ഞക്കാർഡ് ആയി കുറച്ചു.
ഇഞ്ചുറി ടൈമിൽ ആലിസണിനു വീണ്ടും ചുവപ്പ് കാർഡ്. ഇക്വഡോറിന്റെ പകരക്കാരനായെത്തിയ അയർടണ് പ്രെസിയാഡോയ്ക്ക് പന്ത് ലഭിക്കുന്നതിനു മുന്പ് കുത്തിയകറ്റാൻ ശ്രമിച്ച ആലിസണിന്റെ ഇടി ഇക്വഡോർ താരത്തിനും കൊണ്ടതിനായിരുന്നു അത്. ഇക്വഡോറിന് അനുകൂലമായി പെനൽറ്റിയും വിധിക്കപ്പെട്ടു. എന്നാൽ, വിഎആറിലൂടെ റഫറി കാര്യങ്ങൾ പഠിച്ചപ്പോൾ ആലിസണ് ലഭിച്ച ചുവപ്പ് കാർഡ് പിൻവലിച്ചു, പെനൽറ്റി റദ്ദാക്കി.
ഇക്വഡോറിന്റെ തലസ്ഥാന നഗരിയായ ക്വീറ്റോയിൽ അരങ്ങേറിയ മത്സരത്തിന്റെ ആദ്യ 20 മിനിറ്റിനുള്ളിൽതന്നെ രണ്ട് ടീമുകളുടെയും അംഗ ബലം 10ലേക്ക് ചുരുങ്ങി. 15-ാം മിനിറ്റിൽ ഇക്വഡോർ ഗോളി അലക്സാണ്ടർ ഡൊമിൻഗ്വെസ് കടുത്ത ടാക്ലിംഗിലൂടെ ചുവപ്പു കാർഡും 20-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡിലൂടെ എമേഴ്സണ് റോയലും പുറത്തേക്കു നടന്നതോടെയായിരുന്നു അത്.
മത്സരത്തിന്റെ ആറാം മിനിറ്റിൽ കാസെമിറോയിലൂടെ മുന്നിൽ കടന്ന ബ്രസീലിനെ 75-ാം മിനിറ്റിൽ ഫീലിക്സ് ടോറെസിന്റെ ഹെഡറിലൂടെയാണ് ഇക്വഡോർ സമനിലയിൽ പിടിച്ചത്.