കേപ്ടൗണ്‍ ടെസ്റ്റിലും ജയിച്ച ദക്ഷിണാഫ്രിക്കയ്ക്കു പരന്പര
Saturday, January 15, 2022 12:00 AM IST
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കൻ മണ്ണിലെ ടെസ്റ്റ് പരന്പര വിജയം താരനിബിഡമായ വിരാട് കോഹ്ലിയുടെ ഇന്ത്യൻ ടീമിനും കിട്ടാക്കനിയായി അവശേഷിക്കും.
കേപ്ടൗണിൽ നടന്ന, പരന്പരവിജയികളെ നിർണയിക്കുന്ന മൂന്നാം ടെസ്റ്റിൽ ആതിഥേയർ ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. 212 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുവീശിയ ദക്ഷിണാഫ്രിക്ക 63.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം നേടി. പരന്പര 2-1.
സ്കോർ: ഇന്ത്യ- 223, 198. ദക്ഷിണാഫ്രിക്ക- 210, 212/3.
സെഞ്ചൂറിയനിൽ നടന്ന ആദ്യടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തിനുശേഷം ജൊഹാനസ്ബർഗിലും കേപ്ടൗണിലും തോൽവി വഴങ്ങിയാണ് ഇന്ത്യ പരന്പര കൈവിട്ടത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരന്പര ജനുവരി 19ന് ആരംഭിക്കും.
ആദ്യ ഇന്നിംഗ്സിൽ അർധസെഞ്ചുറി നേടി ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന്റെ നട്ടെല്ലായ കീഗൻ പീറ്റേഴ്സനാണു രണ്ടാം ഇന്നിംഗ്സിലും ഇന്ത്യൻ പ്രതീക്ഷകൾ തകർത്തത്. പീറ്റേഴ്സൻ 113 പന്തിൽ 10 ഫോറുകൾ സഹിതം 82 റണ്‍സെടുത്തു.
വാൻഡർ ദസൻ 95 പന്തിൽ 41 റണ്‍സോടെയും ബാവുമ 58 പന്തിൽ 32 റണ്‍സോടെയും പുറത്താകാതെ നിന്നു. ഓപ്പണർ എയ്ഡൻ മാർക്രം (16), നായകൻ ഡീൻ എൽഗർ (30) എന്നിവരാണു പുറത്തായ മറ്റു ബാറ്റർമാർ. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഷാർദുൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ, രണ്ടാം ഇന്നിംഗ്സിലെ ബാറ്റിംഗ് തകർച്ചയാണു കേപ്ടൗണിൽ ഇന്ത്യക്കു തിരിച്ചടിയായത്. സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഋഷഭ് പന്തിനു മാത്രമാണ് ഇന്ത്യൻ നിരയിൽ പോരാട്ടവീര്യം പുറത്തെടുക്കാനായത്.
139 പന്തിൽ ആറു ഫോറും നാല് സിക്സും സഹിതം 100 റണ്‍സോടെ പന്ത് പുറത്താകാതെ നിന്നു. കെ.എൽ രാഹുൽ (10), മായങ്ക് അഗർവാൾ (7), ചേതേശ്വർ പൂജാര (9), അജിങ്ക്യ രഹാനെ (1), വിരാട് കോഹ്ലി (29), ആർ. അശ്വിൻ (7) എന്നിവരെരൊക്കെ നിരാശപ്പെടുത്തി.
ബാറ്റിംഗ് അത്ര പോരാ!
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരനഷ്ടത്തിനു ബാറ്റിംഗിനെ കുറ്റപ്പെടുത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ബാറ്റിംഗിൽ മെച്ചപ്പെടുത്തൽ ആവശ്യമാണെന്നും എല്ലായ്പ്പോഴും ബാറ്റിംഗ് നിര തകരുന്നത് അത്ര നല്ലതല്ലെന്നും കേപ്ടൗണ്‍ ടെസ്റ്റിലെ തോൽവിക്കുശേഷം കോഹ്ലി പ്രതികരിച്ചു.
മികച്ച തുടക്കങ്ങൾ ഇന്ത്യക്കു മുതലാക്കാൻ കഴിഞ്ഞില്ലെന്നും അതു ടീമിനു വല്ലാത്ത തിരിച്ചടി നൽകിയെന്നും അദ്ദേഹം സമ്മതിച്ചു. പരന്പരയിൽ സെഞ്ചുറി നേടിയ കെ.എൽ. രാഹുലിനെയും ഋഷഭ് പന്തിനെയും ഇന്ത്യൻ നായകൻ പ്രശംസിച്ചു.