ഭരത് ഭാരതം
Sunday, November 28, 2021 12:45 AM IST
ന്യൂസിലൻഡിനെതിരായ ആദ്യടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കെ.എസ്. ഭരത് ഇറങ്ങിയപ്പോൾ എല്ലാവരും ഞെട്ടി. പ്ലേയിംഗ് ഇലവണിൽ ഉണ്ടായിരുന്ന വൃദ്ധിമാൻ സാഹയ്ക്ക് എന്തു പറ്റിയെന്ന ചോദ്യം ഉയർന്നു. മത്സരത്തിനിടെ കഴുത്തിന് പരിക്കേറ്റ സാഹ വിശ്രമത്തിലാണെന്നായിരുന്നു ബിസിസിഐയുടെ വിശദീകരണം.
സാഹയ്ക്കു പകരം കളിക്കാനിറങ്ങിയ ശ്രീകർ ഭരത് സൂപ്പർ സബ് ആയി. മികച്ച ക്യാച്ചിലൂടെ കിവീസ് ഓപ്പണർ വിൽ യംഗിനെ (85) പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത് ഭരത് ആയിരുന്നു. ആർ. അശ്വിനായിരുന്നു ബൗളർ. ആദ്യ അന്പയർ നോട്ടൗട്ട് വിധിച്ചെങ്കിലും ഒൗട്ടെന്ന് ഉറപ്പിച്ച ഭരത് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയോട് ഡിആർഎസ് ആവശ്യപ്പെടുകയായിരുന്നു.
ഭരതിന്റെ കണക്കുകൂട്ടൽ ശരിയാരുന്നുവെന്ന് ഡിആർഎസിൽ തെളിഞ്ഞു. പകരക്കാരനായെങ്കിലും ആദ്യമായാണ് ഭരത് ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്. റോസ് ടെയ്ലറായിരുന്നു ഭരതിന്റെ അടുത്ത ഇര. അക്ഷർ പട്ടേലിന്റെ പന്ത് എഡ്ജ് ചെയ്തു വിക്കറ്റ്കീപ്പറുടെ കൈകളിൽ വിശ്രമിച്ചു. സെഞ്ചുറിയിലേക്കു നീങ്ങുകയായിരുന്ന ടോം ലാഥത്തെ സ്റ്റംപ് ചെയ്തു പുറത്താക്കിയും ഭരത് വിക്കറ്റിനു പിന്നിലെ തന്റെ കഴിവ് വെളിപ്പെടുത്തി.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരന്പരയിൽ ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതിനാലാണ് സാഹയ്ക്ക് അവസരം ലഭിച്ചത്. എന്നാൽ, കിട്ടിയ അവസരം ആദ്യ ഇന്നിംഗ്സിൽ മുതലാക്കാൻ താരത്തിനു കഴിഞ്ഞില്ല, ഒരു റണ് മാത്രമാണ് നേടാനായത്.