ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ലിവർപൂളിനു ജയം, സിറ്റിക്ക് സമനില
Saturday, September 18, 2021 11:16 PM IST
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന് ക്രിസ്റ്റൽ പാലസിനെതിരേ ഹോം മത്സരത്തിൽ ഏപക്ഷീയ ജയം, 3-0. സാദിയൊ മാനെ (43’), മുഹമ്മദ് സല (78’), നബി കീത (89’) എന്നിവരാണ് ലിവർപൂളിനായി വലകുലുക്കിയത്.
ലിവർപൂളിനായി വിവിധ പോരാട്ടങ്ങളിലായി മാനെയുടെ 100-ാം ഗോളായിരുന്നു. ക്രിസ്റ്റലിനെതിരേ തുടർച്ചയായ ഒന്‍പതാം മത്സരത്തിലാണ് മാനെ ഗോൾ നേടിയത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു ക്ലബ്ബിനെതിരേ തുടർച്ചയായ ഒന്‍പത് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ സെനഗൽ താരമായ മാനെ.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സതാംപ്ടണ് ഗോൾരഹിത സമനിലയിൽ തളച്ചു. എവേ പോരാട്ടത്തിൽ ആഴ്സണൽ 1-0ന് ബേണ്‍ലിയെ മറികടന്നു. അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ ലിവർപൂൾ 13 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, എവർട്ടണ് എന്നിവ 10 പോയിന്റ് വീതവുമായി തുടർന്നുള്ള സ്ഥാനങ്ങളിലുണ്ട്.