എവർട്ടനു നൂറ്റാണ്ടിലെ ആദ്യജയം
Monday, February 22, 2021 12:04 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ജേതാക്കളായ ലിവർപൂളിന്റെ കഷ്ടകാലം തുടരുന്നു. ആൻഫീൽഡിൽ എവർട്ടനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു ലിവർപൂൾ തോൽവി ഏറ്റുവാങ്ങിയത്. ഈ നൂറ്റാണ്ടിൽ ആദ്യമായാണ് എവർട്ടണ് ആൻഫീൽഡിൽ ലിവർപൂളിനോടു ജയിക്കുന്നത്.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ റിച്ചാർളിസണും കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ, വിവാദ പെനൽറ്റിയിലൂടെ സിഗേഴ്സനുമാണ് എവർട്ടന്റെ ഗോളുകൾ നേടിയത്. ആൻഫീൽഡിൽ ലിവർപൂളിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. 1923നുശേഷം ആദ്യമായാണു ലിവർപൂൾ സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായി നാലു മത്സരങ്ങൾ തോൽക്കുന്നത്. 21 വർഷത്തിനുശേഷമാണ് എവർട്ടണ് ആൻഫീൽഡിൽ ജയിക്കുന്നത്. 1999 സെപ്റ്റംബറിലാണ് എവർട്ടണ് ലിവൾപൂളിന്റെ ഗ്രൗണ്ടിൽ അവസാനമായി ജയിച്ചത്. 2010നുശേഷം ആദ്യമായാണു ലിവർപൂളിനെതിരേ എവർട്ടണ് ഒരു മത്സരം ജയിക്കുന്നതെന്ന സവിശേഷതയുമുണ്ട്.
മറ്റു മത്സരങ്ങളിൽ ചെൽസിയെ സതാംപ്ടണ് സമനിലയിൽ കുരുക്കി. ഇരു ടീമുകളും ഓരോ ഗോൾ നേടി. മിന്നാമിനോയുടെ ഗോളിൽ മുന്നിലെത്തിയ സതാംപ്ടണെ മേസണ്‍ മൗണ്ടിന്റെ പെനാൽറ്റി ഗോളിൽ ചെൽസി സമനിലയിൽ പിടിക്കുകയായിരുന്നു. തുടർച്ചയായി ആറു മത്സരങ്ങൾ തോറ്റശേഷമാണു സതാംപ്ടണ് ഒരു സമനില സ്വന്തമാക്കുന്നത്. ഫുൾഹാം ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തി. ബേണ്‍ലി-വെസ്റ്റ് ബ്രോംവിച്ച് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
56 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണു ലീഗിൽ ഒന്നാമത്. 46 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡും ലെസ്റ്ററും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ചെൽസി (43) നാലാമതും ലിവർപൂൾ (40) ആറാമതുമാണ്.