രണ്ടാം ജയം ലക്ഷ്യമിട്ട് കേരളം
Tuesday, January 12, 2021 11:37 PM IST
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ രണ്ടാം ജയത്തിനായി കേരളം ഇന്ന് മുംബൈക്കെതിരേ ഇറങ്ങും. രാത്രി 7.00ന് ആണ് മത്സരം. സ്റ്റാർ സ്പോർട്സ് 1ൽ മത്സരം തത്സമയം.
എലൈറ്റ് ഗ്രൂപ്പ് ഇയിലെ ആദ്യമത്സരത്തിൽ കേരളം ആറ് വിക്കറ്റിന് പോണ്ടിച്ചേരിയെ കീഴടക്കിയിരുന്നു. എസ്. ശ്രീശാന്ത് ഏഴ് വർഷവും 10 മാസത്തിനും ശേഷം സജീവ ക്രിക്കറ്റിൽ തിരിച്ചെത്തിയ മത്സരമായിരുന്നു അത്. ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരി ആറ് വിക്കറ്റ് നഷ്ടത്തിൽ 138 റണ്‍സ് നേടി. കേരളം 18.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം സ്വന്തമാക്കി. 26 പന്തിൽ 32 റണ്‍സ് നേടിയ ക്യാപ്റ്റൻ സഞ്ജു വി. സാംസണ് ആണ് കേരളത്തിന്റെ ടോപ് സ്കോറർ.
ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ മുംബൈ 76 റണ്‍സിന് ഡൽഹിയോട് പരാജയപ്പെട്ടിരുന്നു.