ഇന്ത്യ x ഓസീസ് ഏകദിനം നാളെ തുടങ്ങും
Wednesday, November 25, 2020 10:53 PM IST
സിഡ്നി: ക്രിക്കറ്റ് ആരാധകരുടെ സിരകളിൽ തീപടർത്തുന്ന ഏകദിന പോരാട്ടത്തിനു നാളെ തുടക്കം. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ഏകദിനത്തിനു സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ടോസ് വീഴും. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ ഒന്‍പതിനാണു മത്സരം ആരംഭിക്കുക.
കോവിഡ് മഹാമാരിയെത്തുടർന്ന് നിർത്തിവയ്ക്കപ്പെട്ട രാജ്യാന്തര ഏകദിനങ്ങൾക്കാണു നാളത്തെ ഇന്ത്യ x ഓസ്ട്രേലിയ പോരാട്ടത്തോടെ തുടക്കമാകുക എന്നതും ശ്രദ്ധേയം. മൂന്നു മത്സങ്ങളാണ് ഏകദിന പരന്പരയിൽ ഉള്ളത്. രണ്ടാം ഏകദിനം ഞായറാഴ്ച സിഡ്നിയിൽത്തന്നെ അരങ്ങേറും. മൂന്നാം ഏകദിനം ബുധനാഴ്ച കാൻബറയിലാണ്.
ഓസ്ട്രേലിയൻ ടീം ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തിൽ മുഴുവൻ കരുത്തോടെ ഇറങ്ങും. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യൻ നിരയിൽ രോഹിത് ശർമയുടെ അഭാവമാണു ശ്രദ്ധേയം. രോഹിത്തിന്റെ അഭാവത്തിൽ കെ.എൽ. രാഹുൽ ആണ് ഉപനായകൻ. എം.എസ്. ധോണിയുടെ പിൻഗാമിയായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന റോൾ ഏറ്റെടുക്കാനുള്ള തയാറെടുപ്പിലാണു രാഹുൽ. ഐപിഎലിൽ റണ്‍വേട്ടയിൽ ഒന്നാമനായശേഷമാണു രാഹുൽ ഓസ്ട്രേലിയയിൽ എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയം.