ടെന്നീസ് ബോളിൽ വിരിഞ്ഞ വരുണാസ്ത്രം!
Tuesday, October 27, 2020 11:59 PM IST
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് കർണാടകക്കാരനായ വരുണ്‍ ചക്രവർത്തി എന്ന സ്പിന്നർ ഇടംപിടിച്ചതായിരുന്നു.
ഐപിഎലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വരുണാസ്ത്രമായ വരുണിന്റെ ദേശീയ ടീം പ്രവേശനം മലയാളികൾക്കും ആഹ്ലാദിക്കാൻ വകനല്കുന്നതാണ്. കാരണം, വരുണിനും കേരളബന്ധം ഉണ്ടെന്നതുതന്നെ. അതോടെ ഓസീസ് പര്യടനത്തിനുള്ള ട്വന്റി-20 ടീമിൽ സഞ്ജു വി. സാംസണിനൊപ്പം മറ്റൊരു മലയാളി സാന്നിധ്യവും കുറിക്കപ്പെട്ടു.
തിരുവനന്തപുരത്തെ ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ വിനോദ് ചക്രവർത്തിയുടെയും ഹേമമാലിനിയുടെയും മകനാണു വരുണ്‍. കേരളത്തിൽ വേരുകളുള്ള കുടുംബമാണ് ഇവരുടേത്. വിനോദ് ചക്രവർത്തിയുടെ അമ്മയുടെ സ്വദേശം മാവേലിക്കരയാണ്.
ടെന്നീസ് ബോളിൽ വീടിനുള്ളിൽവച്ച് നടത്തിയ സ്പിൻ മാന്ത്രികതയാണു വരുണിന്റെ കരുത്ത്. ടെന്നീസ് ബോൾ വീടിനുള്ളിൽ ടേണ്‍ ചെയ്യിപ്പിച്ച ഇരുപത്തൊന്‍പതുകാരനായ വരുണിനു ദേശീയ ടീമിലെ സ്പിൻ ചക്രവർത്തിയാകാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഒരു ഘട്ടത്തിൽ ആഗ്രഹിച്ചതുപോലെ സെലക് ഷൻ ലഭിക്കാതിരുന്നതിന്റെ ദുഃഖത്തിൽ ക്രിക്കറ്റ് മതിയാക്കി ആർക്കിടെക്ചർ എൻജിനിയറിംഗിനുചേരുകയും ജോലിനോക്കുകയും ചെയ്ത ചരിത്രവും വരുണിനുണ്ട്. തന്റെ വഴി ക്രിക്കറ്റ് തന്നെയാണെന്നു മനസിലാക്കിയ രണ്ടാം വരവാണു വരുണിനെ ഇപ്പോൾ ദേശീയ ടീമിൽവരെ എത്തിച്ചത്.