തലതിരിഞ്ഞ നിമിഷം!
Thursday, October 15, 2020 12:19 AM IST
സിഎസ്കെ ആരാധകർ ക്ഷമിക്കണം, ചെന്നൈ സൂപ്പർ കിംഗ്സ് x സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ പോരാട്ടത്തിനുശേഷം ട്രോളിൽ നിറഞ്ഞത് ക്യാപ്റ്റൻ കൂളെന്നു പേരുകേട്ട എം.എസ്. ധോണിയായിരുന്നു. അത് ഇങ്ങനെയും: ധോണി പറഞ്ഞതുപോലെ സൂപ്പർ കിംഗ്സ് പന്തെറിഞ്ഞു, ബാറ്റ് ചെയ്തു... അന്പയറും ധോണി പറഞ്ഞതുപോലെ ചെയ്തു.
മത്സരത്തിൽ 19-ാം ഓവറിൽ അന്പയർ വൈഡ് വിളിക്കാൻ ഒരുങ്ങിയശേഷം ധോണിയുടെ ശകാരത്തെത്തുടർന്ന് അതു വേണ്ടെന്നുവച്ചതാണ് പ്രശ്നങ്ങൾക്കു കാരണം. ഫീൽഡ് അന്പയറായ പോൾ റീഫലാണു ധോണിയുടെ വാക്കുകേട്ട് വൈഡ് വിളിക്കൽ വേണ്ടെന്നുവച്ചത്. ക്രീസിലുണ്ടായിരുന്നത് റാഷിദ് ഖാൻ. ചെന്നൈക്കു വേണ്ടി ബൗൾ ചെയ്യുന്നത് ഷാർദുൽ ഠാക്കൂർ. അവസാന രണ്ട് ഓവറുകളിൽ സണ്‍റൈസേഴ്സിന് ജയിക്കാൻ 27 റണ്‍സ് വേണമായിരുന്നു. 19-ാം ഓവറിലെ ആദ്യ പന്തിൽ രണ്ട് റണ്‍സ്.
രണ്ടാം പന്ത് വൈഡ്. അടുത്ത പന്തും വൈഡ് ലൈനിനടുത്തുകൂടെ. അത് വൈഡ് വിളിക്കാനൊരുങ്ങിയ അന്പയർ കൈ പതിയെ ഉയർത്തിയപ്പോൾ ധോണിക്ക് ദേഷ്യം അടക്കാനായില്ല. വിക്കറ്റിന് പുറകിൽനിന്ന് അത് വൈഡല്ല എന്ന് വാദിച്ച ധോണിയുടെ വാക്കുകൾക്ക് പിന്നാലെ അന്പയർ കൈ താഴ്ത്തി അത് ബോളാണെന്നു വിധിച്ചു. ഇതുകണ്ട വാർണർ ഡഗ്ഒൗട്ടിൽ ക്ഷുഭിതനായി. അന്പയറുടെ ഈ തീരുമാനത്തിൽ കമന്റേറ്റർമാരുൾപ്പെടെ നിരവധിപ്പേർ അദ്ഭുതപ്പെട്ടു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സ് എടുത്തു. സണ്‍റൈസേഴ്സിന്റെ പ്രത്യാക്രമണം എട്ട് വിക്കറ്റ് നഷ്ടത്തിൽ 147ൽ അവസാനിച്ചു. സിഎസ്കെയ്ക്ക് 20 റണ്‍സ് ജയം, സീസണിലെ മൂന്നാത്തേതും.