രാജസ്ഥാൻ റോയൽസ് ഫീൽഡിംഗ് പരിശീലകനു കോവിഡ്
Thursday, August 13, 2020 12:19 AM IST
ജയ്പുർ: കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നീണ്ടുപോയ ഐപിഎൽ 13-ാം സീസണ് യുഎഇയിൽ അടുത്ത മാസം ആരംഭിക്കാനിരിക്കേ മുൻ ചാന്പ്യന്മാരായ രാജസ്ഥാൻ റോയൽസിന്റെ ക്യാന്പിൽനിന്ന് ആശങ്കയുടെ വാർത്ത. റോയൽസിന്റെ ഫീൽഡിംഗ് പരിശീലകനയ ദിഷാന്ത് യാഗ്നിക്കിന് കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാൻ റോയൽസ് ടീം വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഐപിഎൽ ടീമുകളിൽ ആദ്യമായാണ് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
സ്വദേശമായ ഉദയ്പുരിലുള്ള ദിഷാന്ത് ക്വാറന്റൈനിലാണ്. ടീമുമായി ബന്ധപ്പെട്ട ആരും കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ദിഷാന്തുമായി സന്പർക്കം പുലർത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. യുഎഇയിൽ സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കുന്ന ടൂർണമെന്റിന് മുന്പായി അടുത്ത ആഴ്ച മുംബൈയിൽ ക്യാന്പ് ചെയ്യുന്നതിന്റെ ഭാഗമായി ടീം അംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും നടത്തിയ കോവിഡ് പരിശോധനയിലാണ് ദിഷാന്തിന്റെ ഫലം പോസിറ്റീവായത്. ഇതോടെ ദിഷാന്ത് ടീമിനൊപ്പം യുഎഇയിലേക്ക് പറക്കുമോ എന്നതു കണ്ടറിയണം.