അണ്ടര്‍ 19 ചതുര്‍ദിന ക്രിക്കറ്റ്:കേരളത്തിന് ആദ്യ ജയം
Tuesday, January 21, 2020 10:49 PM IST
മൈസൂര്‍: അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ചതുര്‍ദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് ജയം. കര്‍ണാടകയ്ക്കെതിരെ 136 റണ്‍സിനാണ് കേരളത്തിന്റെ വിജയം. ആദ്യ ഇന്നിംഗിസില്‍ കേരളം 194 റണ്‍സ് നേടിയപ്പോള്‍ കര്‍ണാടകയുടെ ഒന്നാം ഇന്നിംഗ്സ് 121ല്‍ ഒതുങ്ങി. മോഹിത് ഷിബുവിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് കര്‍ണാടകയെ ചെറിയ സ്കോറില്‍ പിടിച്ചുകെട്ടിയത്. അകിന്, കിരണ്‍ സാഗര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി.
രണ്ടാം ഇന്നിംഗ്സില്‍ കേരളം 199 റണ്‍സ് സ്വന്തമാക്കി. കേരളത്തിനായി നിഖില്‍ ജോസ് 54 റണ്‍സും ആദിത്യ കൃഷ്ണന് 42 റണ്‍സും നേടി. ഇതോടെ രണ്ടാം ഇന്നിംഗ്സില്‍ 273 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കര്‍ണാടക 136 റണ്‍സിന് ഓൾഔട്ടായി. രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിനായി കിരണ്‍ സാഗര്‍ നാല് വിക്കറ്റ് നേടി. ടൂര്‍ണമെന്റിലെ ആദ്യ ജയമാണ് കര്‍ണാടകയ്ക്കെതിരെ കേരളം സ്വന്തമാക്കിയത്.