പരിക്കേറ്റ് ഇന്ത്യ
Monday, January 20, 2020 11:50 PM IST
മുംബൈ: ഹോം സീരീസുകൾ വിജയകരമായി പൂർത്തിയാക്കി ന്യൂസിലൻഡ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പരിക്കിന്റെ ഭീഷണി. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഓപ്പണർ ശിഖർ ധവാനു പരിക്കേറ്റതിനു പിന്നാലെ ഇന്നലെ രഞ്ജി ട്രോഫിയിൽ ഡൽഹിക്കായി കളിക്കുന്നതിനിടെ പേസർ ഇഷാന്ത് ശർമയ്ക്കും പരിക്കേറ്റു. ഇതോടെ ഇഷാന്തിന്റെ സേവനം ന്യൂസിലൻഡിൽ ഇന്ത്യക്കു ലഭിക്കുമോ എന്ന ആശങ്ക ഉയർന്നു.
വിദർഭയുടെ രണ്ടാം ഇന്നിംഗ്സിലെ അഞ്ചാം ഓവറിലാണ് ഇഷാന്തിന് പരിക്കേറ്റത്. ഇന്നിംഗ്സിൽ ഇഷാന്തിന്റെ മൂന്നാം ഓവർ കൂടിയായിരുന്നു ഇത്. തെന്നിവീണ ഇശാന്ത് സപ്പോർട്ട് സ്റ്റാഫിന്റെ സഹായത്തോടെയാണ് മൈതാനത്തിന് പുറത്തുപോയത്. വിർഭയുടെ ആദ്യ ഇന്നിംഗ്സിൽ 45 റണ്സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയിരുന്നു താരം. പൊട്ടൽ ഇല്ലെങ്കിലും ഇഷാന്തിന്റെ കാൽക്കുഴയ്ക്ക് നീരുണ്ടെന്നാണ് റിപ്പോർട്ട്. കായികക്ഷമത വീണ്ടെടുക്കുന്നതിനായി താരം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ പോകും.
സമീപ നാളിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ അവിഭാജ്യസാന്നിധ്യമാണ് ഇഷാന്ത്. ന്യൂസിലൻഡിൽ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യൻ ടീം കളിക്കുക. ആദ്യ മത്സരം ഫെബ്രുവരി 21 മുതൽ 25 വരെയും രണ്ടാം ടെസ്റ്റ് 29 മുതൽ മാർച്ച് നാല് വരെയുമാണ്.
ട്വന്റി-20, ഏകദിന മത്സരങ്ങളിൽ ഇന്ത്യയുടെ നിർണായക താരമാണ് ധവാൻ. ന്യൂസിലൻഡിനെതിരായ പരന്പരകളിൽ ധവാന്റെ സാന്നിധ്യം ഉണ്ടാകില്ലെന്നാണ് സൂചന. വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം ആരംഭിക്കുക. അഞ്ച് മത്സരങ്ങളുള്ള ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരം 24ന് ഓക്ലൻഡിൽ നടക്കും. പരന്പരയിൽ മൂന്ന് ഏകദിനങ്ങളാണുള്ളത്.