എടികെയും ബഗാനും ലയിച്ചു
Friday, January 17, 2020 12:07 AM IST
കോൽക്കത്ത: ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കോൽക്കത്തിയിലെ പാരന്പര്യ ക്ലബ്ബുകളിലൊന്നായ മോഹൻ ബഗാനും ഐഎസ്എലിലെ കോൽക്കത്തൻ സാന്നിധ്യമായ എടികെയും ലയിച്ചു. 2020-21 ഐഎസ്എൽ സീസണിൽ ഇരു ടീമുകളും ചേർന്നുള്ള ഒരു പുതിയ ടീം ഐഎസ്എലിൽ കളിക്കുമെന്ന് എടികെയും മോഹൻ ബഗാനും സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
എടികെ ക്ലബ്ബിന്റെ ഉടമകളായ ആർപിഎസ്ജി ഗ്രൂപ്പ് മോഹൻ ബഗാന്റെ 80 ശതമാനം ഓഹരിയും വാങ്ങിയതോടെയാണ് ലയനം പൂർണമായത്. പുതിയ ക്ലബ്ബിന്റെ 80 ശതമാനം ഓഹരികളും ആർപിഎസ്ജി ഗ്രൂപ്പിന്റെ കൈവശമായിരിക്കും. ബാക്കി 20 ശതമാനം ഓഹരികളും മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ്ബ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ്. എടികെ മോഹൻ ബഗാൻ എഫ്സി എന്ന പേരാരിയിരിക്കും പുതിയ ക്ലബ്ബിന് നൽകാൻ സാധ്യത.
1889ൽ ആരംഭിച്ച മോഹൻ ബഗാൻ ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ്. ഫെഡറേഷൻ കപ്പ്, ഡ്യൂറാൻഡ് കപ്പ് എന്നിവ ഏറ്റവുമധികം തവണ സ്വന്തമാക്കിയ ക്ലബ്ബാണ് ബഗാൻ. കോൽക്കത്തയിലെ മറ്റൊരു ഐ ലീഗ് ക്ലബ്ബായ ഈസ്റ്റ് ബംഗാളുമായും എടികെ ലയന ചർച്ച നടത്തിയിരുന്നു. എന്നാൽ, ഈസ്റ്റ് ബംഗാളിന്റെ സ്പോണ്‍സർമാർ ഇടഞ്ഞുനിന്നതോടെ ആ നീക്കം ഫലം കണ്ടില്ല. തുടർന്നാണ് മോഹൻ ബഗാനുമായി എടികെ കൈകോർത്തത്.
എടികെയാകട്ടെ ഉദ്ഘാടനസീസണിലടക്കം രണ്ട് തവണ ഐഎസ്എൽ കിരീടം ചൂടിയിട്ടുണ്ട്.
ആർ.പി. ഗോയെങ്ക അംഗമായിരുന്ന മോഹൻ ബഗാനുമായുള്ള ലയനം തനിക്ക് വൈകാരിക കൈകോർക്കൽകൂടിയാണെന്ന് ആർപിഎസ്ജി ചെയർമാൻ സഞ്ജീവ് ഗോയെങ്ക പറഞ്ഞു.