ഏണസ്റ്റോ വാൽവെർദ പുറത്ത്
Wednesday, January 15, 2020 12:16 AM IST
ബാഴ്സലോണ: സ്പാനിഷ് സൂപ്പർ ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണ പരിശീലകൻ ഏണസ്റ്റോ വാൽവെർദയെ പുറത്താക്കി. സൂപ്പർ കപ്പ് സെമി ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് വാൽവെർദയുടെ തല ഉരുണ്ടത്. റയൽ ബെറ്റിസിന്റെ മുൻ പരിശീലകനായ അറുപത്തിയൊന്നുകാരൻ ക്വികെ സെറ്റിയെൻ ആണ് കറ്റാലൻസിന്റെ പുതിയ പരിശീലകൻ. 2022 വരെയാണ് കരാർ. സ്പാനിഷ് മുൻ കളിക്കാരനുമാണ് സെറ്റിയെൻ.
2017 മേയിലാണ് ലൂയി എന്റിക്വെയുടെ പകരക്കാരനായി അന്പത്തഞ്ചുകാരനായ വാൽവെർദ ബാഴ്സ പരിശീലകനായത്. രണ്ട് ലാ ലീഗ കിരീടങ്ങളും ഒരു കോപ്പ ഡെൽറേയും ഒരു സൂപ്പർ കപ്പും ബാഴ്സ വാൽവെർദയുടെ കീഴിൽ നേടി. കഴിഞ്ഞ ചാന്പ്യൻസ് ലീഗ് സെമിയിൽ ആദ്യ പാദത്തിൽ 3-0നു ജയിച്ചശേഷം രണ്ടാം പാദത്തിൽ ലിവർപൂളിനോട് 4-0നു പരാജയപ്പെട്ട് പുറത്തായതോടെ വാൽവെർദയുടെ മേൽ സമ്മർദമേറിയിരുന്നു.