ഈഡൻ ഗാർഡൻസ് താരസമ്പന്നമായി
Friday, November 22, 2019 11:50 PM IST
ക്രിക്കറ്റിലെ ഇതിഹാസങ്ങളായ സച്ചിന് തെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ, ഹര്ഭജന് സിംഗ്, വി.വി.എസ്. ലക്ഷ്മണ് എന്നിവരുടെ സാന്നിധ്യംകൊണ്ട് ഈഡന് ഗാര്‍ഡന്‍സ് വീണ്ടും ആവേശത്തില്‍ നിറഞ്ഞു. രാജ്യത്തെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന്റെ ഭാഗമായിട്ടാണ് ഇവരെ ഈഡന് ഗാര്‍ഡന്‍സിലേക്കു ക്ഷണിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്രപ്രധാന്യമുള്ള ഗ്രൗണ്ടില്‍ ഉച്ചഭക്ഷണ സമയത്ത് ഇവരുടെ കളിദിനങ്ങളില്‍ ഗ്രൗണ്ടുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കിടുകയായിരുന്നു. ഇവരുടെ ഓര്‍മകളില്‍ 1993ലെ ഹീറോ കപ്പ് ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള മത്സരം, 2001ലെ ഓസ്ട്രേലിയയ്ക്കെതിരേയുള്ള ടെസ്റ്റ് എന്നിവയുണ്ടായിരുന്നു. മത്സരത്തിന്റെ സംപ്രേഷണാവകാശം ഉള്ള സ്റ്റാര്‍ സ്പോര്‍ട്സാണ് 40 മിനിറ്റ് നീണ്ട ചടങ്ങ് നടത്തിയത്. തങ്ങളുടെ മുന്‍ നായകനും ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് ഇവര്‍ നന്ദിയറിച്ചു. ഇവര്‍ക്കൊപ്പം ഗ്രൗണ്ട് പങ്കിടേണ്ടിയിരുന്ന ഗാംഗുലി ഭരണപരമായ കാരണങ്ങളെത്തുടര്‍ന്നാണ് എത്താതിരുന്നത്.
ഇവർക്കു പുറമെ കായിക ലോകത്തെ താരങ്ങളായ പി.വി. സിന്ധു, സാനിയ മിർസ, മേരി കോം എന്നിവരും മത്സരം കാണാനുണ്ടായിരുന്നു.