നാഗേഷ് ട്രോഫി ട്വന്റി 20: കേരളത്തിന് രണ്ടാം ജയം
Friday, November 22, 2019 11:50 PM IST
കൊച്ചി: കാഴ്ചപരിമിതർക്കുള്ള നാഗേഷ് ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിനു രണ്ടാം ജയം.മഹാരാഷ്ട്രയെ നാല് വിക്കറ്റിനാണ് കേരളം തോൽപിച്ചത്. ടോസ് നേടിയ കേരളം മഹാരാഷ്ട്രയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മഹാരാഷ്ട്ര 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 135 റണ്‍സെടുത്തു. പ്രവീണ്‍ 29 റണ്‍സും അക്ഷയ് 26 റണ്‍സും നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരള ആറ് വിക്കറ്റ് നഷ്ടത്തിൽ 19.5 ഓവറിൽ ലക്ഷ്യം കണ്ടു.
കേരളത്തിനായി എ.അജേഷും എൻ.കെ വിഷ്ണുവും 30 റണ്‍സ് വീതം നേടി. എൻ.കെ വിഷ്ണുവാണ് കളിയിലെ താരം. ആദ്യ മത്സരത്തിൽ കേരളം ജാർഖണ്ഡിനെ തോൽപ്പിച്ചിരുന്നു. ഇന്ന് ആന്ധ്രാപ്രദേശുമായാണ് കേരളത്തിന്റെ കൊച്ചിയിലെ അവസാന മത്സരം. കളമശേരി സെന്റ് പോൾസ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന നാഗേഷ് ട്രോഫി മത്സരങ്ങൾ ഇന്ന് അവസാനിക്കും. കേരളത്തിന്റെ അടുത്ത ഗ്രൂപ്പ് മത്സരങ്ങൾ ചെന്നൈയിലാണ്.