ചാന്പ്യൻസ് ട്രോഫി ജലോത്സവം: അവസാന പോരാട്ടം ഇന്ന്
Friday, November 22, 2019 11:50 PM IST
ആലപ്പുഴ: ഓളപ്പരപ്പിലെ രാജാക്കന്മാരെ ഇന്നറിയാം. പ്രഥമ ചാന്പ്യൻസ് ബോട്ട് ലീഗിന്റെ അവസാന മത്സരം ഇന്നു കൊല്ലം അഷ്ടമുടിക്കായലിൽ അരങ്ങേറുന്നതോടെ പ്രഥമ ചാന്പ്യൻസ് ബോട്ട് ലീഗ്- സിബിഎൽ ജേതാക്കളും ചരിത്രത്തിന്റെ ഭാഗമാകും. നെഹ്റു ട്രോഫി ജലോത്സവത്തിൽ തുടങ്ങി പ്രസിഡന്റ്സ് ട്രോഫിയിൽ അവസാനിക്കുന്ന സിബിഎലിൽ നിലവിൽ പളളാത്തുരുത്തി ബോട്ട്ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടൻ (ട്രോപ്പിക്കൽ ടൈറ്റൻസ്) ആണ് മുന്നിൽ. ഇതുവരെയായി ഇവർ 158 പോയിന്റ് നേടിക്കഴിഞ്ഞു.
പോലീസ് ബോട്ട് ക്ലബ് തുഴയുന്ന കാരിച്ചാൽ(റേഞ്ചിംഗ് റോവേഴ്സ്) 78 പോയിന്റുമായി രണ്ടാമതും യുബിസി കൈനകരിയുടെ ചന്പക്കുളം (കോസ്റ്റ് ഡോമിനേറ്റേഴ്സ്) മൂന്നാമതുമാണ്. നെഹ്റുട്രോഫി കൂടാതെ താഴത്തങ്ങാടി, കരുവാറ്റ, പിറവം, മറൈൻഡ്രൈവ്, കോട്ടപ്പുറം, കൈനകരി, പുളിങ്കുന്ന്, കായംകുളം, കല്ലട, കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് ലീഗ് മത്സരങ്ങൾ ഒരുക്കിയിരുന്നത്. ലീഗിൽ ഒന്നാമതെത്തുന്ന ടീമിന് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാർക്ക് 15, 10 ലക്ഷം വീതം ലഭിക്കും.