മുന്‍ ടെസ്റ്റ് ഓപ്പണര്‍ മാധവ് ആപ്തെ ഓർമയായി
Monday, September 23, 2019 11:32 PM IST
മുംബൈ: ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ മാധവ് ആപ്തെ (86) നിര്യാതനായി. തിങ്കളാഴ്ച മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ക്രിക്കറ്റിൽ ഇതിഹാസമായിമാറിയ സച്ചിന് തെണ്ടുല്‍ക്കറെ മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിലേ ക്കു കൊണ്ടുന്നയാളായിരുന്നു ആപ്തെ.
അമ്പതുകളില്‍ ഇന്ത്യക്കുവേണ്ടി ഏഴ് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് മാധവ് ആപ്തെ കളിച്ചത്.അമ്പതിനടുത്ത് ശരാശരിയുമുണ്ടായിരുന്നു. ഇതില്‍ അഞ്ചെണ്ണവും വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു. ഫ്രാങ്ക് കിംഗ്, ഗെറി ഗോമസ്, ഫ്രാങ്ക് വോറല്‍, ആല്‍ഫ് വാലന്റൈന്‍, സോണി രാമദിന്‍ തുടങ്ങിയ ഐതിഹാസിക വിന്‍ഡീസ് ബൗളര്‍മാര്‍ക്കെതിരേ മികച്ച ബാറ്റിങ് പ്രകടനമാണ് ആപ്തെ പുറത്തെടുത്തത്. ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറികള്‍ അടക്കം 49.27 ശരാശരിയില്‍ മൊത്തം 542 റണ്‍സ് നേടി. ഇതില്‍ 460 റണ്‍സ് വിന്‍ഡീസിനെതിരേയായിരുന്നു. 1952-53 സീസണില്‍ വിന്‍ഡീസിന്റെ മാരക പേസിനു മുന്നില്‍ മൂന്ന് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും അവരുടെ മണ്ണില്‍ നേടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇതില്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ നേടിയ 163 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍. ആപ്തെയുടെ പ്രകടനത്തിന്റെ ബലത്തിലാണ് ഇതില്‍ ഒരു ടെസ്റ്റ് സമനിലയിലാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത്. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ബാറ്റ്സ്മാനായിരുന്നു ആപ്തെ. ഈ പരമ്പരയ്ക്കു ശേഷം അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. മുംബൈയിലെ പ്രമുഖ വ്യവസായ കുടുംബത്തില്‍നിന്നാണ് ആപ്തെ ക്രിക്കറ്റിലെത്തിയത്. 1952ല്‍ പാക്കിസ്ഥാനെതിരേയുള്ള മൂന്നാം ടെസ്റ്റിലാണ് ആപ്്തെ അരങ്ങേറ്റം കുറിച്ചത്.
വിന്‍ഡീസിലെ പ്രകടനത്തിനുശേഷം ഇന്ത്യയുടെ ഓപ്പണിംഗ് ആപ്തെയുടെ കൈയില്‍ ഭദ്രമാണെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, പിന്നീട് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ആപ്തെയ്ക്ക് ഇടം ലഭിച്ചില്ല. ഇതിഹാസ താരം ലാല അമര്‍നാഥാണ് ആപ്തെയെ പുറത്താക്കാനുള്ള കാരണമെന്നാണ് അക്കാലത്ത് കരുതിയിരുന്നത്. മികച്ച റിക്കാര്‍ഡ് നേടിയിട്ടും താന്‍ എന്തുകൊണ്ട് പിന്നീട് ടീമില്‍നിന്ന് പുറത്തായെന്ന വിവരം വിശദീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം ആത്മകഥയില്‍ എഴുതി. വിരമിക്കലിനുശേഷം കുടുംബ ബിസിനസില്‍ ചേർന്നു.
67 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട് ആപ്തെ. 1951ല്‍ മുംബൈയ്ക്കുവേണ്ടി സൗരാഷ്ട്രയ്ക്കെതിരേ സെഞ്ചുറി നേടിക്കൊണ്ടായിരുന്നു രഞ്ജിയിലെ അരങ്ങേറ്റം. ഇതിന്റെ ബലത്തിലാണ് പാക്കിസ്ഥനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. അരങ്ങേറ്റത്തിലെ മികച്ച പ്രകടനമാണ് വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തത്.
വിരമിക്കലിനുശേഷം മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയുടെ അമരക്കാരനായി. ആപ്തെയുടെ ഭരണകാലത്താണ് ക്ലബ് ക്രിക്കറ്റിലെ കര്‍ശനമായ പ്രായനിബന്ധന പിന്‍വലിച്ചത്. ഇതിന്റെ ബലത്തിലാണ് പതിനഞ്ചാം വയസില്‍ സച്ചിന് തെണ്ടുല്‍ക്കര്‍ ക്ലബ്ബിനുവേണ്ടി കളിച്ചുതുടങ്ങിയത്.
ആപ്തെയുടെ നിര്യാണത്തില്‍ സച്ചിന് തെണ്ടുല്‍ക്കര്‍, മുഹമ്മദ് കൈഫ്, വസീം ജാഫര്‍, വിനോദ് കാംബ്ലി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.