ശാസ്ത്രി തുടരും
Friday, August 16, 2019 11:42 PM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും. കപിൽ ദേവ് അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പരിശീലകനെ പ്രഖ്യാപിച്ചത്. ഇന്ത്യൻ മുൻ വനിതാ താരം ശാന്ത രംഗസ്വാമി, മുൻ പരിശീലകൻ അൻഷുമാൻ ഗെയ്ക്വാദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ന്യൂസീലൻഡ് മുൻ പരിശീലകൻ മൈക്ക് ഹെസണ്‍, ശ്രീലങ്കയുടെ മുൻ പരിശീലകനും ഓസീസ് താരവുമായിരുന്ന ടോം മൂഡി, ഇന്ത്യൻ മുൻ താരവും ഫീൽഡിംഗ് പരിശീലകനുമായ റോബിൻ സിംഗ്, ഇന്ത്യൻ ടീമിന്റെ മുൻ മാനേജർ ലാൽചന്ദ് രജ്പുത് എന്നിവരുൾപ്പെട്ട അന്തിമ പട്ടികയിൽ നിന്നാണ് രവി ശാസ്ത്രിയെ തെരഞ്ഞെടുത്തത്. മുൻ അഫ്ഗാനിസ്ഥാൻ പരിശീലകനും വിൻഡീസ് താരവുമായിരുന്ന ഫിൽ സിമ്മണ്‍സ് വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറിയിരുന്നു.
രവി ശാസ്ത്രി തന്നെ മുഖ്യപരിശീലകനായി തുടരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പരിശീലക സ്ഥാനത്തേക്ക് ഇന്ത്യക്കാർക്കു തന്നെയാണ് മുൻഗണനയെന്നും ഉപദേശക സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. അന്തിമ പട്ടികയിലുണ്ടായിരുന്ന ഇന്ത്യക്കാരായ റോബിൻ സിംഗിനും ലാൽചന്ദ് രജ്പുതിനും മുൻപരിചയത്തിന്റെ കുറവുണ്ടായിരുന്നതും ശാസ്ത്രിയെ തുണച്ചു. ശാസ്ത്രി തന്നെ തുടരുന്നതാണ് ടീമിന് സന്തോഷമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
രവി ശാസ്ത്രി 2014 മുതൽ 2016 വരെ ടീം ഇന്ത്യയുടെ ഡയറക്ടറായിരുന്നു. 2017 ചാന്പ്യൻസ് ട്രോഫി അവസാനിച്ചതിനു പിന്നാലെ ടീമിന്റെ മുഖ്യ പരിശീലകനായി. ക്യാപ്റ്റൻ വിരാട് കോഹ്ലിയും അന്നത്തെ പരിശീലകൻ അനിൽ കുംബ്ലെയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലായിരുന്നു ശാസ്ത്രിയുടെ നിയമനം.