ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ മോർഗൻ
Friday, August 16, 2019 11:42 PM IST
2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച ഇയോൻ മോർഗൻ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ ആലോചിക്കുന്നു. ഇംഗ്ലണ്ടിനെ കന്നി ലോകകപ്പ് ജയത്തിലേക്ക് നയിച്ച മോർഗൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പുറംവേദനയെത്തുടർന്നാണ് മുപ്പത്തിരണ്ടുകാരനായ താരം കടുത്ത തീരുമാനം കൈക്കൊള്ളാൻ കാരണം. അതേസമയം, പുറംവേദന ഭേദമായാൽ ക്യാപ്റ്റൻ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയെന്നത് ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമാണ്. എന്നാൽ എനിക്കിത് ചെയ്തേ തീരൂ. ഇത് ശാരീരീകമായ പ്രശ്നമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി താൻ പരുക്കിന്റെ പിടിയിലാണ്. അതിൽ നിന്ന് മോചിതനാവാൻ അല്പം സമയം വേണ്ടി വരും. ഇത് വലിയൊരു തീരുമാനമാണ്. നമ്മൾ ടീമിനെ നയിക്കുന്പോൾ മുന്നിൽനിന്ന് തന്നെ നയിക്കണം. അതിനിപ്പോൾ കഴിയുന്നില്ല. ലോകകപ്പിൽപോലും നടത്തിയ പരിശീലനത്തിന്റെ അളവ് വളരെ കുറവാണ്-മോർഗൻ പറഞ്ഞു.