ആശങ്കകൾക്കിടയിലും കരുത്തുവിടാതെ വിപണി
ഓഹരി അവലോകനം / സോണിയ ഭാനു
Monday, April 28, 2025 1:32 AM IST
അതിർത്തിയിൽനിന്നും ഉയർന്ന വെടിയൊച്ച ഇരുരാജ്യങ്ങളിലെയും നിക്ഷേപകരെ ആശങ്കയിലാക്കി. ആഭ്യന്തര, വിദേശ ധനകാര്യസ്ഥാപനങ്ങളുടെ ശക്തമായ പിന്തുണയിൽ പ്രതികൂല വാർത്തകളെ മറികടന്ന് കരുത്ത് നിലനിർത്തി.
ഇന്ത്യൻ വിപണി അതിന്റെ ബുള്ളിഷ് ട്രെൻഡ് നിലനിർത്തുമ്പോൾ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് ഒന്ന് ആടിയുലഞ്ഞു. തുടർച്ചയായ രണ്ടാം വാരത്തിലും ഇന്ത്യൻ സൂചികകൾ തിളങ്ങി. ബോംബെ സെൻസെക്സ് 659 പോയിന്റും നിഫ്റ്റി സൂചിക 187 പോയിന്റും പ്രതിവാര മികവിലാണ്.
അതേ സമയം ഇന്ത്യൻ വോളാറ്റിലിറ്റി ഇൻഡക്സ് അപായസൂചന നൽകി 17.22ലേക്ക് ഉയർന്നു. നിക്ഷേപകർക്ക് വിപണിയിലെ സ്ഥിതിഗതികൾ മുൻകൂർ നൽക്കുന്നതിൽ ഏറെ നിർണായക പങ്ക് വഹിക്കുന്നതാണ് വോളാറ്റിലിറ്റി ഇൻഡക്സ്. 2020 കൊറോണ വേളയിൽ സൂചിക 65ലേക്ക് കുതിച്ച് അപായസൂചന നൽകിയ ശേഷം താഴ്ന്നു. മാർച്ചിൽ സൂചിക 12 ലായിരുന്നു സഞ്ചരിച്ചത്.
വെള്ളിയാഴ്ച ഇന്ത്യൻ വിപണി തളർച്ചയിലായിരുന്നു. വർധിച്ചു വരുന്ന ഭൗമ-രാഷ്ട്രീയ സംഘർഷാവസ്ഥ മുൻനിർത്തി ഒരു വിഭാഗം ലാഭമെടുപ്പിലേക്ക് ചുവടുമാറ്റി. കാഷ്മീരിലെ ഭീകരാക്രമണങ്ങളും അതിനുശേഷം ഇരു രാജ്യങ്ങളുടെയും ബന്ധത്തിലുണ്ടായ വിള്ളലും സമാധാന അന്തരീക്ഷത്തിൽ പൊട്ടിത്തെറികൾക്കിടയാക്കി. മേഖലയിലെ സംഘർഷങ്ങൾ വർധിക്കുമോയെന്ന ആശങ്ക ഒരു വശത്ത് തല ഉയർത്തുന്നു. പഹൽഗാം ആക്രമണത്തിനുശേഷം സിന്ധു നദീജല കരാർ മരവിപ്പിച്ചതും പാക് പൗരന്മാരോട് രാജ്യം വിടാനുമുള്ള മുന്നറിയിപ്പ് അവസാനിക്കാൻ മണികൂറുകൾ മാത്രം ശേഷിക്കുന്നതും ഉറി ഡാമിൽ നിന്നുള്ള വെള്ളം തുറന്നു വിട്ടതും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
അതേസമയം, പിന്നിട്ട വാരം വിദേശ ഓപ്പറേറ്റർമാർ എല്ലാ ദിവസവും ഇന്ത്യയിൽ നിക്ഷേപകരായി ഉറച്ചുനിന്നു. അവർ മൊത്തം 17,796.39 കോടി രൂപയുടെ ഓഹരികൾ വാരിക്കൂട്ടി. ആഭ്യന്തര ഫണ്ടുകൾ 1131.81 കോടി രൂപയുടെ നിക്ഷേപം നടത്തി.
രൂപയുടെ മൂല്യം 85.44 ൽ നിന്നും 85.01ലേക്ക് കരുത്ത് നേടിയ ശേഷം വ്യാപാരാന്ത്യം 85.44 ലാണ്. പിന്നിട്ട വാരം രൂപ 85.01 -85.67 റേഞ്ചിൽ ചാഞ്ചാടി. നിലവിലെ സ്ഥിതി വിലയിരുത്തിയാൽ 85 ലെ താങ്ങ് നിലനിർത്തി 85.70 -85.88 വരെ ദുർബലമാകാം. അടുത്ത മാസം നിരക്ക് 86-86.30 റേഞ്ചിൽ ഡോളറിന് മുന്നിൽ നീങ്ങാം. വാരാന്ത്യം 99.47ൽ നിലകൊള്ളുന്ന ഡോളർ സൂചികയ്ക്ക് തിരിച്ചടി നേരിട്ടാൽ രൂപയ്ക്കു തകർച്ചയെ തടയാനാവും.
നിഫ്റ്റി സാങ്കേതികമായി ഓവർ ബ്രോട്ടായതിനാൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പ് നടത്താമെന്ന മുന്നറിയിപ്പ് കഴിഞ്ഞ വാരം നൽകിയത് ശരിവച്ച് ഒരു വിഭാഗം വൻതോതിൽ പ്രോഫിറ്റ് ബുക്കിംഗിന് ഉത്സാഹിച്ചു. നിഫ്റ്റി സൂചിക 23,851ൽനിന്നും മികവോടെയാണ് ഇടപാടുകൾ പുനരാരംഭിച്ചത്. വിദേശ ഫണ്ടുകളുടെ ശക്തമായ വാങ്ങൽ താത്പര്യത്തിൽ 24,187 ലെ ആദ്യ പ്രതിരോധം തകർത്ത് 24,355 വരെ കയറി. എന്നാൽ, ലാഭമെടുപ്പിന് ആക്കം വർധിച്ചതോടെ വാരാന്ത്യം സൂചിക പ്രതിരോധ മേഖലയ്ക്ക് മുകളിൽ ഇടം കണ്ടെത്താനാവാതെ 24,039 പോയിന്റിലാണ്.
നിഫ്റ്റിക്ക് ഈ വാരം 24,313 പോയിന്റിലെ ആദ്യതടസം തകർക്കാനായാൽ 24,588ലേക്ക് ഉയരാം. അതേ സമയം 24,137 ന് മുകളിലേക്ക് സഞ്ചരിക്കാനായില്ലെങ്കിൽ വിപണിയുടെ ദിശ 23,805-23,572 പോയിന്റിലേക്ക് തിരിയും. ഡെയ്ലി ചാർട്ടിലെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ, എംഎസിഡിയും നിക്ഷേപകർക്ക് അനുകൂലം, പല ഇൻഡിക്കേറ്റുകളും ഓവർ ബ്രോട്ടായി നീങ്ങുന്നത് ഇടപാടുകാരെ വീണ്ടും ലാഭമെടുപ്പിന് പ്രേരിപ്പിക്കാം.
സെൻസെക്സ് 78,553 പോയിന്റിൽനിന്നും 80,000വും കടന്ന് 80,214 വരെ കുതിച്ച അവസരത്തിൽ കാഷ്മീരിൽനിന്നുള്ള വെടിയൊച്ച ആഭ്യന്തര ഇടപാടുകാരെ വിൽപ്പനക്കാരാക്കി. വ്യാപാരാന്ത്യം സൂചിക 79,212 പോയിന്റിലാണ്. ഈ വാരം 80,082ലെ പ്രതിരോധം മറികടന്നാൽ 80,952 നെ ഉറ്റുനോക്കും. വിപണിയിൽ വിൽപ്പനസമ്മർദം ഉടലെടുത്താൽ 78,473ൽ ആദ്യ സപ്പോർട്ടുണ്ട്. ഈ മാസം മുൻനിര ഇൻഡക്സുകൾ രണ്ട് ശതമാനം നേട്ടത്തിലാണ്.
രാജ്യാന്തര സ്വർണവില പുതിയ റിക്കാർഡ് സ്ഥാപിച്ചു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 3327 ഡോളറിൽനിന്നും 3500 വരെ ഉയർന്നതിനിടയിൽ ഫണ്ടുകൾ ലാഭമെടുപ്പിന് രംഗത്ത് ഇറങ്ങിയതോടെ നിരക്ക് 3260 ഡോളറിലേക്ക് തിരുത്തൽ കാഴ്ച്ചവച്ചു. മാർക്കറ്റ് ക്ലോസിംഗിൽ സ്വർണം 3318 ഡോളറിലാണ്.