മൂന്നാം കക്ഷി മാർഗത്തിലൂടെ ഇന്ത്യൻ ഉത്പന്നങ്ങൾ പാക്കിസ്ഥാനിലേക്ക്
Monday, April 28, 2025 1:32 AM IST
മുംബൈ: ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) യുടെ കണക്കുകൾ പ്രകാരം മൂന്നാം കക്ഷി മാർഗങ്ങളിലൂടെ ഇന്ത്യൻ കന്പനികൾ പ്രതിവർഷം 85,000 കോടി രൂപ (10 ബില്യണ് ഡോളർ)യിൽ കൂടുതൽ വിലവരുന്ന സാധനങ്ങൾ പാക്കിസ്ഥാനിലെത്തിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിയന്ത്രണങ്ങൾ മറികടക്കുന്നതിനാണ് നേരിട്ടല്ലാതെ പരോക്ഷ തുറമുഖങ്ങളിലൂടെ ഇന്ത്യൻ സാധനങ്ങൾ പാക്കിസ്ഥാനിലെത്തുന്നത്.
ഇന്ത്യൻ കന്പനികൾ ഈ തുറമുഖങ്ങളിലേക്ക് സാധനങ്ങൾ അയയ്ക്കുന്നുണ്ടെന്നും അവിടെ സ്വതന്ത്ര കന്പനികൾ ചരക്ക് ഇറക്കുന്നുണ്ടെന്നും ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) വിശദീകരിച്ചു. ഗതാഗതത്തിനിടയിൽ തീരുവ അടയ്ക്കാതെ ഇനങ്ങൾ സൂക്ഷിക്കുന്ന ബോണ്ടഡ് വെയർഹൗസുകളിലാണ് അവർ ഈ സാധനങ്ങൾ സൂക്ഷിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുമായി നേരിട്ട് വ്യാപാര ബന്ധം അനുവദനീയമല്ലാത്തതിനാൽ ഇന്ത്യൻ നിർമിത സാധനങ്ങൾ മേഡ് ഇൻ യുഎഇ എന്ന പുനർനാമകരണം ചെയ്താണ് പാക്കിസ്ഥാനിലെത്തുന്നതെന്ന് ജിടിആർഐ സ്ഥാപകരൻ അജയ് ശ്രീവസ്തവ പറഞ്ഞു.
നിയന്ത്രണപരിശോധന ഒഴിവാക്കാൻ ഒരു മൂന്നാം രാജ്യ തുറമുഖം ഉപയോഗിച്ച് ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വിൽക്കുന്നു. ഉയർന്ന വില സംഭരണ, പേപ്പർ വർക്ക് ചെലവുകൾ ഉൾക്കൊള്ളുന്നു. ഇത് വിപണിയിലേക്ക് പ്രവേശനം നൽകുന്നു.
ഈ വ്യാപാരമാർഗം നിയമവിരുദ്ധമല്ലെന്ന് അജയ് ശ്രീവാസ്തവ എടുത്തുപറഞ്ഞു. എന്നിരുന്നാലും, നിയന്ത്രിത വിപണികളിലേക്ക് പ്രവേശനം നേടുന്നതിനായി വ്യാപാര നിയന്ത്രണങ്ങൾ മറികടക്കാൻ കന്പനികൾ പുതിയ വഴികൾ കണ്ടെത്താൻ ശ്രമിക്കുന്നതിനാൽ ഇത് ഒരു ഇരുണ്ട മേഖലയിലാണ്- അദ്ദേഹം വിലയിരുത്തുന്നു.