തുടർച്ചയായി ലാഭവിഹിതം നല്കി മുത്തൂറ്റ് ഫിനാന്‍സ്
Monday, April 28, 2025 1:32 AM IST
കൊച്ചി: 2011 മുതല്‍ എല്ലാ വര്‍ഷവും ലാഭവിഹിതം നല്കി ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണപ്പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ്. 2024-25 സാമ്പത്തികവര്‍ഷത്തേക്ക് ഓഹരി ഉടമകള്‍ക്ക് ഓഹരി ഒന്നിന് 26 രൂപ ഇടക്കാല ലാഭവിഹിതം നല്കാന് മുത്തൂറ്റ് ഫിനാന്‍സ് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ഓഹരി ഉടമകള്‍ക്ക് സുസ്ഥിര മൂല്യം നല്കുന്ന കമ്പനിയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതാണ് ഈ പ്രഖ്യാപനം.
അംഗങ്ങളുടെ രജിസ്റ്ററില്‍ 2025 ഏപ്രില്‍ 25ന് പേരുള്ള ഓഹരി ഉടമകള്‍ക്കാണ് ഇടക്കാല ലാഭവിഹിതം നല്‍കുക. പ്രഖ്യാപനം നടത്തി 30 ദിവസത്തിനകം സെബിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഈ ഇടക്കാല ലാഭവിഹിതം നല്‍കും. ഐപിഒ നടത്തുകയും ഓഹരികളുടെ ലിസ്റ്റിംഗ് നടത്തുകയും ചെയ്ത് 2011 മുതല്‍ കമ്പനി എല്ലാ വര്‍ഷവും ലാഭവിഹിതം നല്‍കുന്നുണ്ട്. ഇതുവരെ പത്തുരൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ആകെ 181.50 രൂപ ലാഭവിഹിതമാണു നല്‍കിയിട്ടുള്ളത്.
കമ്പനിയുടെ ശക്തമായ പ്രകടനവും എല്ലാ ഓഹരി ഉടമകള്‍ക്കും ദീര്‍ഘകാലം മൂല്യം നല്‍കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയുമാണ് ഇടക്കാല ലാഭവിഹിത പ്രഖ്യാപനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോർജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.