ഡിസിബി ബാങ്കിന് 177 കോടിയുടെ അറ്റാദായം
Monday, April 28, 2025 1:32 AM IST
കൊച്ചി: ഡിസിബി ബാങ്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ നാലാം പാദത്തിൽ 177 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവില്‍ 156 കോടി രൂപയായിരുന്നു അറ്റാദായം. 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ബാങ്കിന്റെ 2025 സാമ്പത്തികവര്‍ഷത്തെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വർധനയോടെ 615 കോടി രൂപയായി. 536 കോടിയായിരുന്നു മുൻവർഷത്തെ അറ്റാദായം.
ഈ കാലയളവിൽ വായ്പ 25 ശതമാനവും നിക്ഷേപം 22 ശതമാനവും വാര്‍ഷികവളര്‍ച്ച നേടി. മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 2.99 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 1.12 ശതമാനവുമാണ്. 16.77 ശതമാനമായിരുന്നു മൂലധനശേഷി അനുപാതം.