ചരിത്രനേട്ടത്തിൽ കുരുമുളക്
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, April 28, 2025 1:32 AM IST
സുഗന്ധരാജാവ് ചരിത്രനേട്ടം കൈവരിച്ചത് ദക്ഷിണേന്ത്യൻ കുരുമുളക് കർഷകരെ രോമാഞ്ചം കൊള്ളിച്ചു. റിക്കാർഡ് നേട്ടത്തിലേക്കുള്ള ദൂരം കൈവരിക്കാൻ ഉത്പാദകർ കാത്തിരുന്നത് നീണ്ട പതിനൊന്ന് വർഷങ്ങൾ.
നാളികേരോത്പന്നങ്ങളും റിക്കാർഡ് പ്രകടനം കാഴ്ചവച്ചത് സംസ്ഥാനത്തെ മുപ്പത് ലക്ഷത്തിലധികം വരുന്ന നാളികേര കർഷക കുടുംബങ്ങൾക്ക് ആവേശമായി. സുഗന്ധറാണി മുന്നേറാനാവാതെ നാണിച്ചുനിൽക്കുന്നു. സ്വർണവിപണിയിലും റിക്കാർഡ് തിളക്കം.
കുരുമുളകിനു നേട്ടം; ക്ഷാമവും
ഇന്ത്യൻ കുരുമുളക് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരം ദർശിച്ചു. 2014ൽ കുരുമുളക് കിലോ 720 രൂപയിലെത്തിയശേഷം പിന്നീട് തളർച്ചയുടെ ദിനങ്ങളിലുടെയാണ് വിപണി സഞ്ചരിച്ചത്. ഇതര ഉത്പാദകരാജ്യങ്ങളിൽ വിളവ് ഉയർന്നതോടെ ഒരു വേള 400ലേക്ക് താഴ്ന്ന് കറുത്ത പൊന്ന്.

ആഗോള തലത്തിൽ നിരക്ക് ഇടിഞ്ഞതോടെ ഉത്പാദനത്തിൽ മുൻനിരയിലുള്ള വിയറ്റ്നാമിലെ കർഷകർ കുരുമുളകിനെ കൈവിട്ട് മറ്റ് ഉത്പന്നങ്ങളിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങി. അവർ ചുവടുമാറ്റിയതിന്റെ പ്രതിഫലനം കഴിഞ്ഞ രണ്ട് സീസണുകളിൽ മലബാർ മുളകിന് നേട്ടമായി. ഇതിനിടെ എൽനിനോ കാലാവസ്ഥാ പ്രതിഭാസത്തിൽ പ്രമുഖ ഉത്പാദകരാജ്യങ്ങളിൽ വിളവ് ചുരുങ്ങിയത് ചരക്കുക്ഷാമം രൂക്ഷമാക്കി. നടപ്പ് വർഷവും ഉത്പാദനം ചുരുങ്ങുമെന്ന അവസ്ഥയാണ്.
ദക്ഷിണേന്ത്യയിൽ വിളവെടുപ്പ് പൂർത്തിയായെങ്കിലും വിപണികളിൽ മുളക് വരവ് നാമമാത്രമാണ്. ചില ഭാഗങ്ങളിൽ ഉത്പാദനം മുൻവർഷത്തെ അപേക്ഷിച്ച് 40 ശതമാനം വരെ ചുരുങ്ങിയെന്നാണ് കർഷക പക്ഷം. ഇതിനിടയിൽ വിദേശത്ത് നിരക്ക് ഉയർന്നതും രൂപയുടെ വിനിമയനിരക്കിലെ തകർച്ചയും വ്യവസായികളെ ഇറക്കുമതിയിൽനിന്നു പിന്തിരിപ്പിച്ചു. വാങ്ങലുകാർ ചരക്കു സംഭരണത്തിനു കാണിച്ച ഉത്സാഹം കുരുമുളകിനെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 721 ലേക്ക് കൈപിടിച്ച് ഉയർത്തിയ ശേഷം ശനിയാഴ്ച 712 രൂപയിലാണ്.
തിളക്കമില്ലാതെ റബർ
ആഗോള ടയർ നിർമാതാക്കൾ റബർ സംഭരണത്തിന് ഉത്സാഹം കാണിക്കാതെ അകന്നു കളിക്കുന്നു. ഈസ്റ്ററിനുശേഷം റബറിന് വൻ ഓർഡറുകൾ എത്തുമെന്ന് മുഖ്യ ഉത്പാദക രാജ്യങ്ങൾ കണക്കു കൂട്ടിയെങ്കിലും വ്യവസായികളുടെ തണുപ്പൻ നിലപാട് തിരിച്ചടിയായി. ഇത് മൂലം മുഖ്യ അവധിവ്യാപാര എക്സ്ചേഞ്ചുകളിൽ റബറിന് തിളങ്ങാനായില്ല. ഒസാക്ക എക്സ്ചേഞ്ചിൽ പിന്നിട്ട വാരം കിലോ 281-292 യെന്നിൽ കയറിയിറങ്ങി.

വാരാന്ത്യം ജപ്പാനിൽ 289 യെന്നിൽ നിലകൊള്ളുന്ന ഓഗസ്റ്റ് അവധി 295ലെ ആദ്യ പ്രതിരോധം തകർത്താൽ 317ലേക്ക് ഉയരുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം ഓപ്പറേറ്റർമാർ. ഉത്പാദനരംഗം ഉണരുന്ന സാഹചര്യം മുന്നിലുള്ളതിനാൽ ഓരോ ഉയർച്ചയും ഊഹക്കച്ചവടക്കാർ പുതിയ ഷോട്ട് പൊസിഷനുകൾക്ക് അവസരമാക്കാം. അതായത്, മുന്നിലുള്ള ആഴ്ചകളിൽ 281 ലെ നിർണായക സപ്പോർട്ട് നിലനിർത്താനായില്ലെങ്കിൽ കൂടുതൽ സമ്മർദത്തിലാവും.
പ്രതികൂല കാലാവസ്ഥയിൽ നേരത്തേ നിർത്തിവച്ച റബർ ടാപ്പിംഗ് പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ് മുഖ്യ ഉത്പാദക രാജ്യങ്ങൾ. മേയ് രണ്ടാം പകുതിയിൽ പുതിയ ഷീറ്റ് വിൽപ്പനയ്ക്ക് ഇറങ്ങുമെന്ന കണക്കുകൂട്ടലിലാണ് ആഗോള ടയർ വ്യവസായികൾ. വേനൽ മഴ സംസ്ഥാനത്ത് സജീവമായ സാഹചര്യത്തിൽ ചെറുകിട കർഷകർ റബർ വെട്ടിന് നീക്കം നടത്താം. നാലാം ഗ്രേഡ് റബർ കിലോ 199 രൂപ വരെ കയറി, 200ന് മുകളിലേക്ക് റബറിനെ കടത്തി വിടാൻ ടയർ ലോബി താത്പര്യം കാണിച്ചില്ല. അവരുടെ കണ്ണുകൾ ബാങ്കോക്കിലാണ്, അവിടെ 189 രൂപയിലാണ് ഇടപാടുകൾ.
നാളികേരോത്പന്നങ്ങൾ റിക്കാർഡിൽ
നാളികേരോത്പന്നങ്ങൾ പുതിയ റിക്കാർഡ് വിലയിൽ. ദക്ഷിണേന്ത്യയിൽ നാളികേര ഉത്പാദനം പ്രതീക്ഷിച്ചതിലും കുറഞ്ഞതാണ് വിപണിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നത്.

തമിഴ്നാട്ടിൽ വിളവെടുപ്പ് പുരോഗമിച്ചെങ്കിലും മില്ലുകാരുടെ ആവശ്യാനുസരണം ചരക്ക് കണ്ടത്താൻ അവർ ക്ലേശിക്കുന്നു. കാങ്കയത്ത് കൊപ്ര ക്വിന്റലിന് 18,475 രൂപയായും വെളിച്ചെണ്ണ വില 25,975 രൂപയായും ഉയർന്ന് ഇടപാടുകൾ നടന്നു. കൊച്ചിയിൽ എണ്ണ 26,900 രൂപയിലും കൊപ്ര 17,900 രൂപയിലുമാണ്.
ഏലക്കയിൽ പ്രതീക്ഷ
ഏലക്ക ലേലത്തിൽ ആഭ്യന്തര വിദേശ ഇടപാടുകാരിൽ നിന്നുള്ള പിന്തുണയിൽ വിൽപ്പനയ്ക്കെത്തിയ ചരക്കിൽ ഏറിയ പങ്കും വിറ്റഴിഞ്ഞു. കയറ്റുമതി സമൂഹം ബക്രീദ് ഡിമാൻഡ് മുന്നിൽക്കണ്ട് ഏലയ്ക്ക സംഭരിക്കുന്നുണ്ട്.

സൗദി അറേബ്യ നേരിട്ട് ഇന്ത്യൻ ചരക്ക് വാങ്ങുന്നില്ലെങ്കിലും ദുബായ് വഴി അവർ ഇറക്കുമതി യഥേഷ്ടം തുടരുകയാണ്. മികച്ചയിനങ്ങൾ ഏലക്ക കിലോ 2873 രൂപയിലും ശരാശരി ഇനങ്ങൾ 2380 രൂപയിലുമാണ്.
തിളക്കമേറി സ്വർണം
ആഭരണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരം പവൻ ദർശിച്ചു. 71,360 രൂപയിൽ നിന്നും വാരമധ്യം ഒറ്റ ദിവസത്തെ റിക്കാർഡ് കുതിപ്പായ 2200 രൂപ ഉയർന്ന് 74,320 രൂപയിലേക്ക് കുതിച്ച പവന് തൊട്ട് അടുത്ത ദിവസം ഇതേ നാണയത്തിൽ തിരിച്ചടി നേരിട്ടതോടെ 72,120 ലേക്ക് താഴ്ന്നു. വാരാന്ത്യം പവന് 72,040 രൂപയിലാണ്.