റിക്കാർഡ് പുതുക്കി നിഫ്റ്റിയും സെൻസെക്സും
Tuesday, September 24, 2024 12:09 AM IST
മുംബൈ: ഓഹരി വിപണി റിക്കാർഡുകൾ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ബോംബെ ഓഹരി സൂചികയായ സെൻസെക്സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും പുതിയ ഉയരംകുറിച്ചു.
384.30 പോയിന്റ് ഉയർന്ന് 84,928.61ൽ വ്യാപാരം അവസാനിപ്പിച്ച സെൻസെക്സ് ഒരുവേള 84,980 വരെ കുതിച്ചുയർന്നിരുന്നു. നിഫ്റ്റിയാകട്ടെ 25,956 പോയിന്റ് വരെ ഉയർന്ന ശേഷം 148 പോയിന്റ് നേട്ടത്തോടെ 25,939.05ൽ വ്യാപാരം അവസാനിപ്പിച്ചു.
പണപ്പെരുപ്പം നിയന്ത്രിച്ച് മാന്ദ്യത്തിന്റെ പരിക്കുകളില്ലാതെ യുഎസ് സന്പദ്ഘടന സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനയാണ് ആഗോളതലത്തിൽ വിപണികളെ സ്വാധീനിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് യുഎസ് ഫെഡ് റിസർവ് നിരക്കിൽ അര ശതമാനം കുറവ് വരുത്തിയത്. ഈ വർഷം അവസാനത്തോടെ വീണ്ടും നിരക്കിൽ കുറവു വരുത്തിയേക്കുമെന്ന പ്രതീക്ഷകളും വിപണിക്ക് കരുത്തു പകരുന്നു.
സെൻസെക്സിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക്, അൾട്രാടെക് സിമന്റ്, അദാനി പോർട്ട്സ്, ടാറ്റ സ്റ്റീൽ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ഐസിഐസിഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, ടാറ്റ കണ്സൾട്ടൻസി സർവീസസ് തുടങ്ങിയ ഓഹരികൾ ഇടിവിൽ ക്ലോസ് ചെയ്തു.
ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് ഇന്ന് നിഫ്റ്റി 200ലെ വലിയ മുന്നേറ്റക്കാർ. ഓഹരി വില 8.18 ശതമാനം ഉയർന്ന് 63.20 രൂപയായി. ഗോദ്റേജ് പ്രോപ്പർട്ടീസിന് ഇന്ന് 7.10 ശതമാനം കയറ്റമുണ്ടായി. കല്യാണ് ജുവലേഴ്സ് ഓഹരി 5.41 ശതമാനം നേട്ടവുമായി മൂന്നാം സ്ഥാനത്തെത്തി