കാരിത്താസ് ആശുപത്രിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സഹായമാകാന്‍ സഞ്ജീവനി പദ്ധതി
Friday, July 26, 2024 1:38 AM IST
തെള്ളകം: ഫെഡറല്‍ ബാങ്ക് ഇന്ത്യയിലുടനീളം നടപ്പാക്കുന്ന ‘സഞ്ജീവനി’ പദ്ധതിയില്‍ പങ്കാളികളാകുന്ന ഇന്ത്യയിലെ മൂന്ന് ആശുപത്രികളില്‍ ഒന്നായി കോട്ടയം കാരിത്താസ് ആശുപത്രിയും. പദ്ധതിയിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തികസഹായം നല്‍കുകയാണ് ലക്ഷ്യം.
കാരിത്താസില്‍ ചികിത്സയിലുള്ള അര്‍ഹരായ 750 കാന്‍സര്‍ രോഗികള്‍ക്ക് ഒരാള്‍ക്ക് 20,000 രൂപ വീതം ഇളവു നല്‍കാനാണ് ലക്ഷ്യമിടുന്നത്. രോഗനിര്‍ണയം, കാന്‍സര്‍ ചികിത്സ, ശസ്ത്രക്രിയ എന്നിവ ഉള്‍പ്പെടെയുള്ള ഏത് ചികിത്സയ്ക്കും ഈ ഇളവ് ലഭ്യമാണ്. ജൂലൈ പകുതിയോടെ ആരംഭിച്ച് മാര്‍ച്ച് 31 വരെ നീളുന്ന ഈ പദ്ധതിയില്‍ ഇതുവരെ ഏറെപേര്‍ക്കു സഹായം നല്‍കിക്കഴിഞ്ഞു.
കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടര്‍ റവ. ഡോ. ജോയ്സ് നന്ദിക്കുന്നേല്‍, റേഡിയേഷന് ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോസ് ടോം, മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബോബന് തോമസ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഫിനാന്‍സ് ഇ.വി. ജ്യോതിഷ് കുമാര്‍ എന്നിവരും ഫെഡറല്‍ ബാങ്കില്‍നിന്ന് വൈസ് പ്രസിഡന്റും സോണല്‍ ഹെഡുമായ (കോട്ടയം) നിഷ കെ. ദാസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് റീജണല്‍ ഹെഡ് (കോട്ടയം) കെ.ടി. ജയചന്ദ്രന്, അസോസിയേറ്റ് വൈസ് പ്രസിഡന്റ് സോണല്‍ എച്ച്ആര്‍ (കോട്ടയം) നെബിന്‍ വി. ജോസ്, സീനിയര്‍ മാനേജരും ബ്രാഞ്ച് ഹെഡുമായ (തെള്ളകം ബ്രാഞ്ച്) അരുണ്‍ ജൂഡ് ഡൊമിനിക് എന്നിവരും ചേര്‍ന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പദ്ധതിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പദ്ധതിയുടെ ഭാഗമാകുന്നതിനും 9497713593ൽ ബന്ധപ്പെടുക.