ടെക്സ്റ്റൈൽ ടെക്നോളജി; അറിയേണ്ട കാര്യങ്ങള്
Thursday, May 30, 2024 11:41 PM IST
ടെക്സ്റ്റൈൽ ഉത്പാദനമേഖലയിലെ സാങ്കേതികവിദ്യകൾ സമഗ്രമായി ഉൾക്കൊള്ളുന്ന ഒരു എൻജിനിയറിംഗ് ശാഖയാണ് ടെക്സ്റ്റൈൽ ടെക്നോളജി. വിവിധ ടെക്സ്റ്റൈൽ ഉത്പന്നങ്ങളുടെ രൂപകല്പനയും ഉത്പാദനവും ശാസ്ത്രീയമായ രീതിയിൽ പ്രതിപാദിക്കുന്ന ഈ വിദ്യാഭ്യാസ മേഖലയ്ക്ക്, ലോക ഫാഷൻവിപണിയിൽ സംഭവിക്കുന്ന മാറ്റങ്ങൾ വിദ്യാർഥികളിലേക്ക് എത്തിക്കാനും അതിനനുസരിച്ച് പഠനം ക്രമപ്പെടുത്താനും സാധിക്കുന്നു.
ഐഐടി, സർക്കാർ/സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾ, പോളിടെക്നിക്കുകൾ എന്നിവിടങ്ങളാണ് ഇന്ത്യയിൽ ടെക്സ്റ്റൈൽ എൻജിനിയറിംഗ് പഠനത്തിന്റെ കേന്ദ്രങ്ങൾ. കേരളത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള മൂന്നു പോളിടെക്നിക്കുകളിൽ മാത്രമാണ് ഈ എൻജിനിയറിംഗ് പഠനം സാധ്യമാകുക. സെൻട്രൽ പോളിടെക്നിക് കോളജ് തിരുവനന്തപുരം, ഗവണ്മെന്റ് പോളിടെക്നിക് കോളജ് കണ്ണൂർ, ഗവണ്മെന്റ് പോളിടെക്നിക് കോളജ് കൊരട്ടി (തൃശൂർ) എന്നിവയാണവ. ഈ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം നിലവിൽ ആരംഭിച്ചുകഴിഞ്ഞു. ത്രിവത്സര ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കരസ്ഥമാക്കാൻ പത്താം ക്ലാസ് പാസായ വിദ്യാർഥികൾക്കു ലഭിക്കുന്ന സുവർണാവസരമാണിത്. 100 ശതമാനം തൊഴിൽ ലഭ്യത ഉറപ്പാക്കുന്ന അപൂർവം ഡിപ്ലോമ കോഴ്സുകളിൽ ഒന്നുകൂടിയാണിത്.
മെഷീൻ മാനുഫാക്ചറിംഗ് & ഇറക്ഷൻ, അപ്പാരൽ മാനുഫാക്ചറിംഗ്, ഫാഷൻ ഡിസൈനിംഗ്, ഇൻഡസ്ട്രിയൽ എൻജിനിയറിംഗ്, മെർക്കൻഡൈസിംഗ്, പ്രതിരോധമേഖല, ടെക്നിക്കൽ ടെക്സ്റ്റൈൽസ് എന്നീ വിഭാഗങ്ങളിലായി രാജ്യത്തിനകത്തും പുറത്തുമായി നിരവധി തൊഴിലവസരങ്ങൾ ഈ മേഖല വിദ്യാർത്ഥികൾക്കു മുന്നിൽ തുറന്നിടുന്നു.ഇതിനുപുറമേ ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ സ്ഥാപനങ്ങളിലും അവസരങ്ങൾ ഉറപ്പാണ്.