കെപിബിക്ക് അറുപതിന്റെ ചെറുപ്പം
Sunday, May 12, 2024 12:12 AM IST
കോട്ടയം: കേരളത്തിലെ ആദ്യ അക്രെഡിറ്റഡ് പരസ്യ ഏജൻസിയായ കെപിബി ഡയമണ്ട് ജൂബിലി നിറവിൽ. മാധ്യമങ്ങളുമായുള്ള ബിസിനസിൽ ആറു പതിറ്റാണ്ടായി മുൻനിരസ്ഥാനം നിലനിർത്തുന്ന കെപിബി, പുതിയ ട്രെൻഡുകളും ടെക്നോളജിയും അവതരിപ്പിച്ചുകൊണ്ടാണ് ഈ വിജയം സ്വന്തമാക്കിയത്.
കേരള പബ്ളിസിറ്റി ബ്യൂറോ എന്ന പേരിൽ 1964ൽ സ്ഥാപിച്ച കെപിബി, ക്രിയേറ്റീവ് ഡിപ്പാർട്ട്മെന്റോടുകൂടിയ കേരളത്തിലെ ആദ്യ പരസ്യ ഏജൻസിയായിരുന്നു. സഹോദരങ്ങളായ ടി.ഒ. കുര്യാക്കോസിന്റെയും ടി.ഒ. ഫിലിപ്പിന്റെയും നേതൃത്വത്തിൽ വളർന്ന കെപിബി, പരസ്യദാതാക്കളുടെ വിശ്വാസം നേടിയെടുത്തതോടെ അതിവേഗത്തിൽ കുതിച്ചു.
1973ൽ ഐഎൻഎസിന്റെയും ഡയറക്ടറേറ്റ് ഓഫ് അഡ്വർടൈസിംഗ് ആന്റ് വിഷ്വൽ പബ്ലിസിറ്റിയുടെയും അംഗീകാരത്തോടെ കേരളത്തിലെ പ്രഥമ അക്രഡിറ്റഡ് പരസ്യ ഏജൻസിയായി. കെപിബിയിലൂടെ കേരളം ആദ്യമായി പ്രഫഷണൽ പരസ്യ നിർമാണത്തിലേക്കു ചുവടുവച്ചു. 1984ൽ ഇന്ത്യൻ പരസ്യമേഖലയിൽ കെപിബി പതിനൊന്നാം സ്ഥാനം നേടി.
എഴുപതുകളുടെ അവസാനത്തിലും എണ്പതുകളുടെ ആരംഭത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യ ഏജൻസികളിൽ ഒന്നായിരുന്നു കെപിബി. അക്കാലത്ത് രൂപപ്പെട്ട പ്രസിദ്ധമായ പല ലോഗോകളും കെപിബിയുടെ സംഭാവനകളാണ്. 1990ൽ ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ അംഗീകാരങ്ങൾ നേടി.
പരസ്യങ്ങളോടൊപ്പം കെപിബിയും കാലാനുസ്യതമായി മാറി. മികച്ച ഗുണമേന്മയുണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ഉത്പന്നങ്ങളെ ജനശ്രദ്ധ പതിയുന്ന പരസ്യങ്ങളിലൂടെ വെളിച്ചത്തിലേക്കു നയിക്കാൻ കെപിബിക്കു കഴിഞ്ഞു. പബ്ലിക് റിലേഷൻസ് കൗണ്സിൽ ഓഫ് ഇന്ത്യയുടെ നിബ്ബ് പുരസ്കാരം, ഫുക്ക ക്രിയേറ്റീവ് പുരസ്കാരം, പെപ്പർ പുരസ്കാരങ്ങൾ, ആർഎപിഎ പുരസ്കാരം എന്നിവ നേടി.
ഇപ്പോൾ രണ്ടാം തലമുറക്കാരായ ജെയ്സണ് ഫിലിപ്പ്, ജെബിസണ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ കേരള പബ്ലിസിറ്റി ബ്യൂറോ എന്ന പേരിൽ കോട്ടയം, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലും കുര്യാക്കോസ് ജോസിന്റെ നേതൃ ത്വത്തിൽ കെപിബി അഡ്വർടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കൊച്ചിയിലും പ്രവർത്തിക്കുന്നു.