കണ്ടംകുളത്തി വൈദ്യശാല; 150-ാം ജൂബിലി ആഘോഷത്തിനു തുടക്കമായി
Tuesday, May 7, 2024 1:14 AM IST
മാള: കെ.പി. പത്രോസ് വൈദ്യന്സ് കണ്ടംകുളത്തി വൈദ്യശാലയുടെ ഒരുവര്ഷം നീളുന്ന 150-ാം ജൂബിലി ആഘോഷങ്ങള്ക്കു തുടക്കമായി. വൈദ്യശാലാങ്കണത്തില് നടന്ന പൊതുസമ്മേളനം അഡ്വ. വി.ആര്. സുനില്കുമാര് എംഎല്എ ഉദ്ഘാടനം ചെയ്തു. പുതുതായി ആരംഭിച്ച ആരോഗ്യ ഭക്ഷ്യ ഉത്പന്ന (ന്യൂട്രാസൂട്ടിക്കല്) വിഭാഗം, പുതിയ കോര്പറേറ്റ് ഓഫീസ് സമുച്ചയം എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
കണ്ടംകുളത്തി വൈദ്യശാലയുടെ ആയുര്വേദ ചികിത്സാപാരമ്പര്യം ഒന്നര നൂറ്റാണ്ടു പിന്നിട്ട് നാലാം തലമുറയിലാണ് എത്തിനില്ക്കുന്നതെന്ന് അധ്യക്ഷപ്രസംഗത്തില് വൈദ്യശാല എംഡി കെ.പി. വിത്സന് കണ്ടംകുളത്തി പറഞ്ഞു. 1987ല് കേവലം എട്ടു ജീവനക്കാരുമായി ആരംഭിച്ച കെ.പി.പത്രോസ് കണ്ടംകുളത്തി വൈദ്യശാലയില് ഇപ്പോള് 400 ലധികം ജീവനക്കാരുണ്ട്. പുതിയ ന്യൂട്രാസൂട്ടിക്കല് വിഭാഗംകൂടി വരുന്നതോടെ അധികമായി 150 പേര്ക്കുകൂടി ഈ വര്ഷം തൊഴില് നല്കാനാകും.
400 ലധികം ഔഷധങ്ങള് വൈദ്യശാലയുടേതായി ഇപ്പോൾ വിപണിയിലുണ്ട്. ഇവയ്ക്കുപുറമേ തിരുവനന്തപുരം, എറണാകുളം, മാള, അതിരപ്പിള്ളി, കോഴിക്കോട് എന്നിവിടങ്ങളിലായി ആയുര്വേദ ആശുപത്രികളും അതിരപ്പിള്ളിയിൽ ആയുർവേദ റിസോർട്ടും പ്രവര്ത്തിക്കുന്നുണ്ട്. ജൂബിലിവര്ഷത്തില് നടപ്പിലാക്കാനായി നിരവധി പദ്ധതികള് ആസൂത്രണം ചെയ്തിട്ടുള്ളതായും കെ.പി. വിത്സന് പറഞ്ഞു.
കണ്ടംകുളത്തി വൈദ്യശാലയുടെ വളര്ച്ച മറ്റുള്ളവര് മാതൃകയാക്കേണ്ടതാണെന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത അഡ്വ. വി.ആര്. സുനില്കുമാര് എംഎല്എ പറഞ്ഞു. കണ്ടംകുളത്തി ഔഷധങ്ങളുടെ ഫലസിദ്ധിയും വിശ്വാസ്യതയും അതുവഴിയുള്ള സ്വീകാര്യതയും തനിക്കു ബോധ്യപ്പെട്ട അവസരങ്ങളുണ്ടായിട്ടുള്ളതായി പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും ആശീര്വാദവും നിര്വഹിച്ച ബിഷപ് മാര് പോളി കണ്ണൂക്കാടന് പറഞ്ഞു.
കണ്ടംകുളത്തി ബ്രിജിറ്റ് പത്രോസ് മെമ്മോറിയില് ചാരിറ്റബിൾ ട്രസ്റ്റിന്റെ ജീവകാരുണ്യപ്രവര്ത്തനങ്ങളുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ചെക്ക് ഹൃദയ പാലിയേറ്റീവ് കെയറിലേക്കു ചീഫ് ഫിസിഷ്യൻ ഡോ. റോസ് മേരി വിത്സന് ബിഷപ് മാര് പോളി കണ്ണൂക്കാടനു ചടങ്ങിൽ കൈമാറി. 150-ാം ജൂബിലി ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് സാജു കൊടിയന് ഉദ്ഘാടനം ചെയ്തു. ന്യൂട്രാസൂട്ടിക്കല് ഡിവിഷന് റവ.ഡോ. നെവീന് ആട്ടോക്കാരന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മുന് പ്രസിഡന്റ് പി.കെ. ഡേവിസ്, കെ.വി. വസന്തകുമാര്, പഞ്ചായത്തംഗം പി.എസ്. സന്തോഷ് കുമാര്, കെ.ജി. മോഹനൻ, പി.ജെ. വര്ഗീസ് എന്നിവര് പ്രസംഗിച്ചു. ജനറല് മാനേജര് പി.പി. വര്ഗീസ് സ്വാഗതവും ഡയറക്ടര് പത്രോസ് വിത്സന് നന്ദിയും പറഞ്ഞു.