ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ വിഭജനം പൂര്‍ത്തിയായി
Saturday, April 6, 2024 1:16 AM IST
കൊച്ചി: ഹോസ്പിറ്റല്‍ ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ വിഭജനം പൂര്‍ത്തിയായി. ഇന്ത്യയിലെയും ജിസിസിയിലെയും സംവിധാനങ്ങള്‍ ഇനി വെവ്വേറെ കമ്പനികളായി പ്രവര്‍ത്തിക്കും.
സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജ്ര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കൂട്ടായ്മ ജിസിസി വിഭാഗത്തിന്റെ 65 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. 35 ശതമാനം ഓഹരികള്‍ മൂപ്പന് കുടുംബം നിലനിര്‍ത്തി.
ജിസിസി മേഖലയിലെ ആശുപത്രികളുടെ നേതൃത്വവും പ്രവര്‍ത്തന മേല്‍നോട്ടവും മൂപ്പന് കുടുംബം തുടരും. ഇന്ത്യന്‍ വിഭാഗത്തിന്റെ ഓഹരികളില്‍ 41.88 ശതമാനവും നിലനിര്‍ത്തി മൂപ്പന് കുടുംബം ഉടമസ്ഥാവകാശം തുടരും.
മുന്‍നിശ്ചയിച്ച പ്രകാരം ഇടപാടുകള്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കിയതോടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഉപകമ്പനിയായ അഫിനിറ്റി ഹോള്‍ഡിംഗ്സ് ലിമിറ്റഡിന് 907.6 മില്യണ്‍ യുഎസ് ഡോളര്‍ ലഭിച്ചു.
വിഭജനവുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 70-80 ശതമാനം ഓഹരിയുടമകള്‍ക്ക് ലാഭവിഹിതമായി നല്‍കുമെന്ന് നേരത്തേതന്നെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഓരോ ഷെയറിനും 110 മുതല്‍ 120 രൂപ വരെ ഉടമകള്‍ക്ക് നല്‍കുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു.