കുതിച്ചുപാഞ്ഞ് സ്വര്‍ണം; പവന് 51,280/-
Thursday, April 4, 2024 12:47 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 6,410 രൂപയും പവന് 51,280 രൂപയുമായി.
അന്താരാഷ്ട്ര സ്വര്‍ണവില 2,285 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.38 ഉം ആണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്കുനിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായിട്ടുണ്ട്.
ഏപ്രില്‍ ഒന്നിന് ഗ്രാമിന് 6,360 രൂപയും പവന് 50,880 രൂപയും രേഖപ്പെടുത്തിയ റിക്കാര്‍ഡാണ് ഇന്നലെ ഭേദിച്ചത്.
ജനുവരി ഒന്നിന് ഗ്രാമിന് 5,855 രൂപയായിരുന്നത് ഇന്നലെ 6,410 ലെത്തി. നിലവില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 56,000 രൂപ നല്‍കേണ്ടിവരും. അന്താരാഷ്ട്ര സ്വര്‍ണവില കയറ്റം ഈ നില തുടര്‍ന്നാല്‍ 2300 ഡോളറും കടന്നു മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് കാണുന്നത്.
അമേരിക്ക പലിശനിരക്ക് കുറയ്ക്കുമെന്ന വാര്‍ത്തകളെത്തുടര്‍ന്നാണ് സ്വര്‍ണവില 1982 ഡോളറില്‍നിന്നും ഉയരാന്‍ തുടങ്ങിയത്. ഉയര്‍ന്ന വില ആഗോള വന്‍കിട നിക്ഷേപകരിലും ചെറുകിട നിക്ഷേപകരിലും സ്വര്‍ണത്തിലുള്ള താത്പര്യം വര്‍ധിപ്പിച്ചിട്ടുണ്ട്.
കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ താത്പര്യം, ആഗോള ഡിമാന്‍ഡ്, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ വില ഉയരാന്‍ കാരണമായതായി ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.