കോ​ട്ട​യം: റ​ബ​ര്‍ വി​ല ആ​ര്‍എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് 186, ഗ്രേ​ഡ് അ​ഞ്ചി​ന് 180 നി​ര​ക്കി​ലേ​ക്ക് ഉ​യ​ര്‍ന്നു. വി​ദേ​ശ​വി​ല 233 രൂ​പ​യി​ലേ​ക്ക് കു​തി​ച്ച​തോ​ടെ ആ​ഭ്യ​ന്ത​ര​വി​ല ഇ​നി​യും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യേ​റി.

ഈ ​മാ​സാ​വ​സാ​ന​ത്തോ​ടെ വി​ല 200 രൂ​പ​യി​ല്‍ എ​ത്തു​മെ​ന്നാ​ണ് മാ​ര്‍ക്ക​റ്റ് സൂ​ച​ന. ഇ​ന്ന​ലെ കോ​ട്ട​യ​ത്ത് ഏ​താ​നും ഡീ​ല​ര്‍മാ​ര്‍ 190 രൂ​പ​യ്ക്ക് ഷീ​റ്റ് വാ​ങ്ങാ​ന്‍ ത​യാ​റാ​യി. റ​ബ​ര്‍ ഷീ​റ്റി​ന് വ​ന്‍ ക്ഷാ​മം നേ​രി​ടു​ന്ന​തി​നാ​ല്‍ ച​ര​ക്ക് കി​ട്ടാ​നി​ല്ല.

ക​ര്‍ഷ​ക​രു​ടെ കൈ​വ​ശം നാ​മ​മാ​ത്ര​മാ​യ സ്റ്റോ​ക്ക് മാ​ത്ര​മേ​യു​ള്ളൂ. ഇ​ന്ന​ലെ ഒ​രു ട​ണ്‍ ഷീ​റ്റു​പോ​ലും കോ​ട്ട​യം മാ​ര്‍ക്ക​റ്റി​ല്‍ വി​ല്‍പ്പന​യ്ക്ക് എ​ത്തി​യി​ല്ലെ​ന്നു വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു.

കോ​ട്ട​യം ആ​സ്ഥാ​ന​മാ​യ ര​ണ്ട് ട​യ​ര്‍ ഇ​ത​ര ക​മ്പ​നി​ക​ള്‍ ഇ​ന്ന​ലെ 190 രൂ​പ​യ്ക്ക് ഷീ​റ്റ് വാ​ങ്ങാ​ന്‍ താ​ത്‍പ​ര്യ​പ്പെ​ട്ടു. ട​യ​ര്‍ ക​മ്പ​നി​ക​ള്‍ ര​ണ്ടാ​ഴ്ച​യാ​യി മാ​ര്‍ക്ക​റ്റ് വി​ട്ടു​നി​ല്‍ക്കു​ക​യാ​ണ്. വ​ട​ക്കേ ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍ കേ​ര​ള​ത്തി​ല്‍നി​ന്ന് ഒ​രു വ​ര്‍ഷ​മാ​യി ച​ര​ക്ക് വാ​ങ്ങാ​ത്ത​തും കേ​ര​ള​ത്തി​ലെ ച​ര​ക്ക് നീ​ക്കം കു​റ​യാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.


വ​ട​ക്കേ ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍ വ​ട​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍നി​ന്ന് വ​ലി​യ തോ​തി​ല്‍ ച​ര​ക്ക് വാ​ങ്ങാ​ന്‍ താ​ത്‍പ​ര്യ​പ്പെ​ടു​ന്നു. കേ​ര​ള​ത്തേ​ക്കാ​ള്‍ കി​ലോ​യ്ക്ക് 30 രൂ​പ വ​രെ വി​ല​ക്കു​റ​വും ഗ​താ​ഗ​ത​ത്തി​ലെ ചെ​ല​വു​കു​റ​വു​മാ​ണ് ഇ​ത്ത​ര​മൊ​രു മാ​റ്റ​ത്തി​ന് കാ​ര​ണം.​ ഈ​സ്റ്റ​റും വി​വി​ധ ആ​ഘോ​ഷ​ങ്ങ​ളും ക​ഴി​യാ​തെ റ​ബ​ര്‍ മേ​ഖ​ല​യി​ല്‍ ഉ​ണ​ര്‍വു​ണ്ടാ​വാ​നി​ട​യി​ല്ല.