വില്പനസമ്മർദത്തിൽ ഓഹരിവിപണി
ഓഹരി അവലോകനം / സോണിയ ഭാനു
Monday, March 18, 2024 12:43 AM IST
ഓവർബോട്ടായി മാറിയ വിപണിയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു കാണിച്ച ഉത്സാഹം വില്പനസമ്മർദമായി. തെരഞ്ഞടുപ്പു തിയതി പ്രഖ്യാപനം മുന്നിൽക്കണ്ട് ഓപ്പറേറ്റർമാർ സൃഷ്ടിച്ച വില്പനതരംഗത്തിൽ മുൻനിര സൂചികകൾക്കു രണ്ടു ശതമാനം പ്രതിവാര നഷ്ടമുണ്ടായി. ബോംബെ സൂചിക 1476 പോയിന്റും നിഫ്റ്റി 470 പോയിന്റും താഴ്ന്നു. നാലാഴ്ചകളിലെ കുതിച്ചുചാട്ടത്തിനുശേഷമാണ് ഓഹരി വിപണി വില്പനക്കാരുടെ നിയന്ത്രണത്തിലേക്കു വഴുതിവീണത്.
സൂചികകൾ മികച്ച നിലവാരത്തിൽ നീങ്ങവേ നിഫ്റ്റി മാർച്ച് ഫ്യൂച്ചറിൽ ഓപ്പറേറ്റർമാർ വില്പനക്കാരായതു വിപണിയെ മൊത്തതിൽ പിടിച്ചുലച്ചു. മാർച്ച് ആദ്യവാരം 141.9 ലക്ഷം കരാറായിരുന്നു ഓപ്പണ്‍ ഇന്ററസ്റ്റ്.
പിന്നീട് 154.8 ലക്ഷമായതിനിടയിൽ സൂചിക റിക്കാർഡ് പുതുക്കി. വെളിയാഴ്ച ക്ലോസിംഗിൽ ഓപ്പണ്‍ ഇന്ററസ്റ്റ് 161.4 ലക്ഷത്തിലാണ്. ഉയർന്ന തലത്തിൽ ഫണ്ടുകൾ പുതിയ ഷോർട്ട് പൊസിഷനുകൾക്ക് ഉത്സാഹിച്ചതായി വേണം വിലയിരുത്താൻ.
പ്രീ ഇലക്ഷൻ റാലി
നിഫ്റ്റി സൂചിക 22,538 പോയിന്റിൽനിന്നു പ്രതിരോധ മേഖലയായ 22,606 പോയിന്റുവരെ സഞ്ചരിച്ചശേഷം 22,000ലേക്കു താഴ്ന്നെങ്കിലും ക്ലോസിംഗിൽ 22,120 പോയിന്റിലാണ്. ഓവർബോട്ടായ ഫണ്ടുകൾ പ്രോഫ്റ്റി ബുക്കിംഗിന് ഉത്സാഹിക്കുമെന്ന് മുൻവാരം സൂചിപ്പിച്ചതാണ്. വിപണി ഓവർഹീറ്റെങ്കിലും തിരുത്തലിൽ താഴ്ന്ന റേഞ്ചിൽ പുതിയ ബാധ്യതകൾ ഏറ്റെടുത്താൽ പ്രീ ഇലക്ഷൻ റാലിക്കു സാധ്യതയുണ്ട്.
ജനുവരി അവസാനം ട്രൻഡ്ലൈൻ സപ്പോർട്ടായ 22,236 പോയിന്റിൽ ഉടലെടുത്ത ബുൾറാലിയിൽ റിക്കാർഡുകൾ തിരുത്തി 22,525 വരെ ചുവടുവച്ചശേഷമാണു, വിപണി പുൾ ബാക്ക് റാലിക്കു മുതിർന്നത്. പോയവാരം 22,494ൽനിന്നു കാര്യമായി മുന്നേറാൻ അവസരം നൽകാതെ ഫണ്ടുകൾ വിൽപ്പനയ്ക്ക് ഉത്സാഹിച്ചതിനാൽ 22,000ലെ നിർണായക സപ്പോർട്ട് തകർത്ത് 21,905ലേക്ക് ഇടിഞ്ഞു, വ്യാപാരാന്ത്യം 22,023 പോയിന്റിലാണ്.
ബുള്ളിഷ് ട്രെൻഡ്
ഇന്ന് ഇടപാടുകളുടെ ആദ്യഘട്ടത്തിൽ നിഫ്റ്റിക്ക് 21,900ൽ കാലിടറിയാൽ സൂചിക 21,786-21,549 നിലയിലേക്കു നീങ്ങാം. എന്നാൽ, 20,957ലെ തേഡ് സപ്പോർട്ടിലേക്കു സഞ്ചരിക്കേണ്ട സാഹചര്യമില്ല.
വിപണിയുടെ പ്രതിരോധം 22,378-22,525 പോയിന്റിലാണ്. വാരാന്ത്യം സൂചികകൾ ഓവർ സോൾഡായതു ബുൾ ഓപ്പറേറ്റർമാർക്ക് ആത്മവിശ്വാസം പകരും. സൂപ്പർ ട്രെൻഡ് ബുള്ളിഷായി നീങ്ങുന്നത് അവരുടെ പ്രതീക്ഷകൾക്കു നിറം പകരാം.
സെൻസെക്സ് 74,111 പോയിന്റിൽനിന്ന് 72,484 വരെ താഴ്ന്നശേഷം ക്ലോസിംഗിൽ 72,643ലാണ്. ഈ വാരം വിപണി 72,047-71,452ലെ താങ്ങ് നിലനിർത്തിയാൽ തിരിച്ചുവരവിൽ 73,674-74,245 റേഞ്ചിലേക്കു കയറാം.
രൂപ ഇടിയും
രൂപയുടെ മൂല്യം 82.72ൽനിന്ന് 82.65ലേക്കു കരുത്തുനേടിയശേഷം ക്ലോസിംഗിൽ 82.89 എന്ന നിലയിലാണ്. ഡോളറിനു ഡിമാൻഡ് ഉയർന്നാൽ രൂപ 83ലെ പ്രതിരോധം തകർത്ത് 83.09ലേക്കും തുടർന്ന് 83.36ലേക്കും ദുർബലമായേക്കും. ക്രൂഡ് ഓയിൽ വില ബാരലിന് 84.34 ഡോളറിലേക്ക് കയറി. 88 ഡോളറിൽ പ്രതിരോധത്തിലേക്കു നീങ്ങാനിടയുണ്ട്.
ആഗോള സ്വർണം 2200 ഡോളറിലേക്ക് ഉയരാനുള്ള ശ്രമത്തിനിടയിൽ ട്രോയ് ഒൗണ്‍സിന് 2195 ഡോളറിൽ വിപണിയുടെ കാലിടറി. ലാഭമെടുപ്പിൽ 2152 ഡോളറിലേക്ക് ഇടിഞ്ഞ സ്വർണം ക്ലോസിംഗിൽ 2155 ഡോളറിലാണ്.