പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു
Sunday, March 17, 2024 1:32 AM IST
തിരുവനന്തപുരം: വ്യവസായ വകുപ്പിനു കീഴിലുള്ള മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വ്യവസായ മന്ത്രി പി. രാജീവ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ്, മലപ്പുറം കോ-ഓപറേറ്റീവ് സ്പിന്നിംഗ് മില്‍സ്, കേരള സിറാമിക്സ് ലിമിറ്റഡ്, കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്പ്പറേഷന് എന്നിവയാണ് മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍.
അഞ്ച് ലക്ഷം രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്കാരം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയ വാര്‍ഷിക വളര്‍ച്ചാനിരക്ക് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
ട്രാവന്‍കൂര്‍ കൊച്ചിന് ലിമിറ്റഡ് എംഡി കെ. ഹരികുമാര്‍, കേരളാ സിറാമിക്സ് ലിമിറ്റഡ് എംഡി പി. സതീശ് കുമാര്‍ എന്നിവര്‍ക്കാണ് മികച്ച മാനേജിംഗ് ഡയറക്ടര്‍ക്കുള്ള പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഇതോടൊപ്പം മാധ്യമ പുരസ്കാരങ്ങളും വിതരണം ചെയ്തു.
പോള്‍ ആന്റണി ഐഎഎസ് ചെയര്‍മാനായും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്, ബിപിസിഎല്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടർ നന്ദകുമാര്‍ ഇ. എന്നിവര്‍ അംഗങ്ങളായുമുള്ള പൊതുമേഖലാ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒാരോ വിഭാഗങ്ങള്‍ക്കുള്ള അവാര്‍ഡ് നിര്‍ണയിച്ചത്.
ഉത്പാദനമേഖലയില്‍ 100 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള സ്ഥാപനം, 25 കോടി രൂപയ്ക്ക് മുകളിലും 100 കോടി രൂപയ്ക്ക് താഴെയും വിറ്റുവരവുള്ള സ്ഥാപനം, 25 കോടി രൂപക്ക് താഴെ വിറ്റുവരവുള്ള സ്ഥാപനം, ഉത്പാദനേതര മേഖലയിലെ മികച്ച പൊതുമേഖലാ സ്ഥാപനം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മികച്ച പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
വ്യവസായ വകുപ്പിന്റെ അധീനതയില്‍ ഏഴു പ്രധാന മേഖലകളിലായി 54 പൊതുമേഖലാ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തി മത്സരക്ഷമത ഉറപ്പു വരുത്തുതിനായി വിവിധ നയപരിപാടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിംഗ് ആന്‍ഡ് ഇന്റേണല്‍ ആഡിറ്റ് ബോര്‍ഡ് (RIAB) ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്സ്ഫോര്മേഷന് (BPT) എന്ന് പുനര്‍നാമകരണം ചെയ്ത് ഗവേണിംഗ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു.