2023-24 സാന്പത്തികവർഷത്തിലെ മുൻകൂർ ആദായനികുതി; അവസാന ഗഡു 15നു മുന്‍പ്
Tuesday, March 12, 2024 12:09 AM IST
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യത വരുന്ന എല്ലാ നികുതിദായകരും മുൻകൂറായി തന്നാണ്ടിലെ ആദായനികുതി അടയ്ക്കണം.
എന്നാൽ റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ബിസിനസിൽനിന്നോ പ്രഫഷനിൽനിന്നോ വരുമാനമില്ലെങ്കിൽ അവർ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. നോണ്‍ റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർ, ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനമില്ലെങ്കിലും മറ്റു വരുമാനങ്ങളുണ്ടെങ്കിൽ മുൻകൂർ നികുതിയടയ്ക്കണം. വരുമാനമുണ്ടാകുന്ന മുറയ്ക്ക് അടയ്ക്കുകയെന്നതാണു മുൻകൂർ നികുതിയുടെ അടിസ്ഥാനതത്വം.
2023-24 സാന്പത്തികവർഷത്തിലെ മുൻകൂർ ആദായ നികുതി നാലു ഗഡുക്കളായിട്ടാണ് അടയ്ക്കേണ്ടത്. ഇത് ഒരു ഉദാഹരണസഹിതം വ്യക്തമാക്കാം.
ഒരു നികുതിദായകന്റെ 2023-24 സാന്പത്തിക വർഷത്തിലെ നികുതിബാധ്യത ഒരു ലക്ഷം രൂപയായി എസ്റ്റിമേറ്റ് ചെയ്യുന്നു എന്ന് വിചാരിക്കുക. അദ്ദേഹം 2023 ജൂണ്‍മാസം 15നു മുന്‍പ് 15,000 രൂപ ആദ്യഗഡുവായി മുൻകൂർ നികുതിയടയ്ക്കണം. ഓഗസറ്റിൽ അദ്ദേഹത്തിന്റെ വരുമാനത്തിൽനിന്ന് 20,000 രൂപ സ്രോതസിൽ നികുതിയായി പിടിക്കുന്നു എന്നും കരുതുക. സെപ്റ്റംബർ 15ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗഡു എത്രയാണെന്നു നോക്കാം. ആകെ നികുതി ബാധ്യതയായ 1,00,000 രൂപയിൽനിന്ന് സ്രോതസിൽ പിടിച്ച 20,000 രൂപ കിഴിച്ച് ബാക്കിയുള്ള തുകയുടെ 45 ശതമാനത്തിൽനിന്നു നാളിതുവരെ അടച്ച നികുതി കിഴിച്ച് ബാക്കിവരുന്ന തുകയാണ് അടയ്ക്കേണ്ടത്.
അതായത്, 80000 രൂപയുടെ 45 ശതമാനമായ 36000 രൂപയിൽനിന്ന് ആദ്യ ഗഡുവായ 15000 രൂപ കിഴിച്ച് ബാക്കിവരുന്ന 21000 രൂപയാണ് രണ്ടാമത്തെ ഗഡുവായി അടയ്ക്കേണ്ടത്. ഡിസംബർ 15നു മുന്‍പ് മൂന്നാമത്തെ ഗഡു അടയ്ക്കുന്നതിനുവേണ്ടി 80,000 രൂപയുടെ 75 ശതമാനമായ 60,000 രൂപയിൽനിന്നു നാളിതുവരെ അടച്ച 36,000 രൂപ കിഴിച്ച് ബാക്കിവരുന്ന തുകയായ 24,000 രൂപ അടയ്ക്കണം.
നാലാമത്തെ ഗഡു 2024 മാർച്ച് മാസം 15-ാം തീയതിക്കു മുന്‍പായാണ് അടയ്ക്കേണ്ടത്. ആകെ നികുതിത്തുകയായ 1,00,000 രൂപയിൽനിന്നു സ്രോതസിൽ പിടിച്ച 20,000 രൂപ കിഴിച്ച് ബാക്കിത്തുകയായ 80,000 രൂപയിൽനിന്നു നാളിതുവരെ അടച്ച മുൻകൂർ നികുതിയായ 60,000 രൂപ കിഴിച്ച് ബാക്കിവരുന്ന തുകയായ 20,000 രൂപയാണ് നാലാമത്തെ ഗഡു.
അനുമാന നികുതി 15നു മുന്‍പ്
ആദായനികുതി നിയമം 44 എഡി വകുപ്പ് അനുസരിച്ച് ആകെ വിറ്റുവരവിന്റെ 8 ശതമാനമോ (വിറ്റുവരവ് ചെക്ക് മുഖാന്തിരമോ ഇലക്ട്രോണിക് മാർഗത്തിലൂടെ ബാങ്കിൽ കൂടിയോ ആണെങ്കിൽ 6% വരുമാനം) അതിൽ കൂടുതലോ വരുന്ന തുക വരുമാനമായി കണക്കാക്കി അതിന്റെ നികുതിയടച്ച് കോന്പൗണ്ട് ചെയ്യുന്ന നികുതിദായകർക്കു മുഴുവൻ നികുതിയും ഒറ്റത്തവണയായി മാർച്ച് മാസം 15നു മുന്‍പായി അടച്ചാൽ മതി. അതായത്, 2023-24 സാന്പത്തികവർഷത്തിലേക്കുള്ള മുൻകൂർ നികുതി അനുമാന നികുതി അടയ്ക്കുന്ന മാർച്ച് 15നു മുന്‍പായി ഒറ്റത്തവണയായി അടയ്ക്കണം. മാർച്ച് 15ാണ് നിർദിഷ്ട തീയതിയെങ്കിലും ഇവർക്ക് മാർച്ച് 31 വരെ നികുതിയടയ്ക്കാവുന്നതാണ്.
മുൻകൂർ നികുതിയിൽ കുറവ്
മുൻകൂർ നികുതിയിൽ കുറവുവന്നാൽ ആദായനികുതി നിയമം 234 ബി, 234 സി എന്നിവയനുസരിച്ചു പലിശ നല്‍കേണ്ടതുണ്ട്. മുൻകൂർ നികുതിക്കുവേണ്ടി കണക്കാക്കപ്പെടുന്ന വരുമാനം യഥാർഥ വരുമാനത്തിന്റെ 90 ശതമാനത്തിൽ താഴെയാണെങ്കിൽ കുറവുവന്ന തുകയ്ക്കു പലിശയും ഈടാക്കുന്നതാണ്.
എല്ലാ വരുമാനങ്ങളും കണക്കിലെടുക്കണം
ബിസിനസിൽനിന്നോ പ്രഫഷനിൽനിന്നോ ഉള്ള വരുമാനത്തിന്റെകൂടെ മറ്റു വരുമാനമുണ്ടെങ്കിൽ അതുകൂടി കണക്കിലെടുത്തുവേണം മുൻകൂർ നികുതിക്കുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ.
മറ്റു വരുമാനങ്ങളായ പലിശ, വാടക മുതലായവയ്ക്ക് 10% നിരക്കിൽ സ്രോതസിൽ നികുതി പിടിക്കാനാണു നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ഉയർന്ന വരുമാനക്കാർക്ക് നികുതി നിരക്കുകൾ 30% വരെയാകുന്നതിനാൽ ഇവയുംകൂടി മുൻകൂർ നികുതിയുടെ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണം.
നോണ്‍ റെസിഡന്റാണെങ്കിൽ
ഇന്ത്യയിൽ റെസിഡന്റല്ലാത്ത വ്യക്തികൾക്കു മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ആനുകൂല്യം ലഭിക്കില്ല. ഇന്ത്യയിൽ റെസിഡന്റല്ലാത്ത വ്യക്തികൾക്ക് ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനമില്ലെങ്കിലും മുതിർന്ന പൗരന്മാരാണെങ്കിൽപോലും മറ്റു വരുമാനങ്ങളുണ്ടെങ്കിൽ മുൻകൂർ നികുതി അടയ്ക്കണം.
മുതിർന്ന പൗരന്മാർക്ക് ഇളവ്
ആദായനികുതിനിയമം 208-ാം വകുപ്പനുസരിച്ച് 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യത വരുന്ന നികുതിദായകർ മുൻകൂറായി നികുതി അടയ്ക്കണം. എന്നാൽ, ഇന്ത്യയിൽ റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർക്കു ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനമില്ലെങ്കിൽ മുൻകൂർ നികുതിയടവിൽനിന്നു കിഴിവ് ലഭിക്കണമെങ്കിൽ തഴെ പറയുന്ന വ്യവസ്ഥകൾ പാലിച്ചിരിക്കണം
1. നികുതിദായകൻ വ്യക്തിയായിരിക്കണം.
2. നികുതിദായകൻ ആദായനികുതിനിയമമനുസരിച്ച് ഇന്ത്യയിൽ റെസിഡന്റായിരിക്കണം.
3. നികുതിദായകനു പ്രസ്തുത സാന്പത്തികവർഷത്തിൽ 60 വയസിൽ കൂടിയിരിക്കണം.
4. നികുതിദായകന് ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനം ഉണ്ടാകരുത്.
ഇങ്ങനെയുള്ളവർക്കു മുൻകൂർ നികുതി ബാധ്യതയില്ല. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്തു നികുതി കണക്കാക്കി സെൽഫ് അസസ്മെന്റ് ടാക്സായി അടച്ചാൽ മാത്രം മതി.