ഇന്ത്യൻ വിപണിയിൽ പണപ്പെട്ടി തുറന്ന് വിദേശ നിക്ഷേപകർ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, March 11, 2024 1:14 AM IST
എല്ലാം അനുകൂലമെന്ന വിലയിരുത്തലിൽ വിദേശ ഫണ്ടുകൾ ഇന്ത്യൻ മാർക്കറ്റിനു മുന്നിൽ വീണ്ടും പണപ്പെട്ടി തുറന്നു. നാലിൽ മൂന്നു ദിവസവും വാങ്ങലുകാരായി മാറിയ അവർ തുടർച്ചയായ നാലാം വാരത്തിൽ വിപണിയുടെ മുന്നേറ്റത്തിന് വേഗത ഇരട്ടിപ്പിച്ചുവെന്ന് മാത്രമല്ല, അഞ്ചാം വാരവും ബുൾ റാലി നിലനിർത്താനുള്ള സാധ്യതകൾക്കും ശക്തിപകരുന്നു. ബോംബെ സെൻസെക്സ് 1619 പോയിന്റും നിഫ്റ്റി സൂചിക 510 പോയിന്റും ഉയർന്നു.
പച്ചക്കൊടി ഉയർത്തി മൂഡീസ്
ഇന്ത്യൻ ബാങ്കിംഗ് മേഖല നിക്ഷേപത്തിന് അനുയോജ്യമെന്ന വിദേശ വിലയിരുത്തലുകൾ ഓപ്പറേറ്റർമാരെ വരും ദിനങ്ങളിൽ പുതിയ നിക്ഷേപങ്ങൾക്ക് പ്രേരിപ്പിക്കാം. ജെപി മോർഗനിൽനിന്നുള്ള അനുകൂല വിലയിരുത്തലിന് പുറകെ മൂഡീസ് റേറ്റിംഗും പച്ചക്കൊടി ഉയർത്തിയെന്ന റിപ്പോർട്ടുകൾ രാജ്യാന്തര ഫണ്ടുകളിൽ ഏറെ സ്വാധീനം ചെലുത്താം.
നിക്ഷേപം ഉയർത്തി വിദേശ ഫണ്ടുകൾ
വാരാരംഭത്തിൽ 544.06 കോടി രൂപയുടെ വിൽപ്പന നടത്തിയ വിദേശ ഓപ്പറേറ്റർമാർ പിന്നീട് 10,645.14 കോടി രൂപയുടെ നിക്ഷേപം നടത്തി. ആഭ്യന്തര ഫണ്ടുകൾ ശക്തമായ പിന്തുണ നൽകി 10,129.17 കോടി രൂപ നിക്ഷേപിച്ചു.
പുതുവർഷം മികവിലേക്ക്
പുതിയ സാന്പത്തിക വർഷം രാജ്യം കൂടുതൽ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാം, രൂപ ശക്തമായ നിലയിലാണ്. ഡോളറിനു മുന്നിൽ 82.91ൽ നിന്നും മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 82.72 ലേക്ക് രൂപ കൃത്യമായ ലാൻഡിംഗ് കാഴ്ചവച്ചു. ഹൃസ്വകാലയളവിലേക്ക് വീക്ഷിച്ചാൽ രൂപ 81.83 - 83.36 റേഞ്ചിൽ നീങ്ങാം. രൂപ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. വിദേശ ഫണ്ടുകൾ കടപത്രത്തിലെ നിക്ഷപം ഉയർത്തിയത് രൂപയ്ക്കു കരുത്തായി. ഈ വർഷം രൂപ ഏഷ്യയിലെ ഏറ്റവും മികച്ച കറൻസിയായി നീങ്ങുന്നു.
കുതിക്കുന്നു, നിഫ്റ്റി
നിഫ്റ്റി ബുൾ റാലിയിൽ 22,378 ൽനിന്നും 22,229ലേക്ക് താഴ്ന്ന ശേഷമുള്ള തിരിച്ചുവരവിൽ 22,378 ലെ റിക്കാർഡ് തകർത്ത് പുതിയ ചരിത്രമായ 22,525.65 വരെ കയറി. ശിവരാത്രി മൂലം വെള്ളിയാഴ്്ച വിപണി പ്രവർത്തിച്ചില്ല. വ്യാഴാഴ്ച ക്ലോസിംഗിൽ നിഫ്റ്റി 22,493.55 പോയിന്റിലാണ്. ഈ വാരം 22,602നെ ലക്ഷ്യമാക്കിയാവും വ്യാപാരം തുടങ്ങുക.
വിപണി സാങ്കേതികമായി ഓവർ ബോട്ടായതിനാൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പു നീക്കം നടത്താം. അത്തരം ഒരു സാഹചര്യത്തിൽ 22,306ലും 22,119ലും സപ്പോർട്ട് പ്രതീക്ഷിക്കാം. എന്നാൽ ആദ്യ പ്രതിരോധം മറികടന്നാൽ നിഫ്റ്റി 22,711 ലേക്കും തുടർന്ന് 23,007 നെയും ഉറ്റ് നോക്കും.
നിഫ്റ്റിയുടെ സാങ്കേതിക ചലനങ്ങൾ ഡെയ്ലി ചാർട്ടിൽ വിലയിരുത്തിയാൽ ഇൻഡിക്കേറ്ററുകൾ പലതും ഓവർ ബോട്ടാണ്. അതേസമയം സൂപ്പർ ട്രന്റും, പാരാബോളിക്കും എംഎസിഡിയും ബുള്ളിഷാണ്. തിരുത്തലിന് അവസരം ലഭിച്ചാൽ ഫണ്ടുകൾ താഴ്ന്ന റേഞ്ചിൽ പുതിയ ബാധ്യതകൾ ഏറ്റെടുത്താൽ പ്രീ ഇലക്ഷൻ റാലി പ്രതീക്ഷിക്കാം.
നിഫ്റ്റി ഫ്യൂച്ചറിൽ വാരാരംഭം ഓപ്പൺ ഇന്ററസ്റ്റ് കുറഞ്ഞെങ്കിലും പിന്നീട് ഓപ്പറേറ്റർമാർ കാണിച്ച താത്പര്യം സൂചികയെ 22,507ൽനിന്നും 22,619.90 വരെ എത്തിച്ചു. വ്യാപാരാന്ത്യം 22,538 പോയിന്റിലാണ്. സാങ്കേതികമായി ബുള്ളിഷായ നിഫ്റ്റി മാർച്ച് ഫ്യൂച്ചറിലെ ഓപ്പൺ ഇന്ററസ്റ്റ് 141.9 ലക്ഷം കരാറുകളിൽനിന്നും 154.8 ലക്ഷം കരാറായത് ബുൾ ഇടപാടുകാരുടെ സാന്നിധ്യം വ്യക്തമാക്കുന്നു. ലോംഗ് പൊസിഷനിലെ വർധന സൂചികയെ 22,606-22,659 ലേക്ക് അടുപ്പിക്കാം.
റിക്കാർഡ് പുതുക്കി സെൻസെക്സ്
സെൻസെക്സ് റിക്കാർഡ് പുതുക്കിയ ആവേശത്തിലാണ്. 73,806നിന്നും 73,994ലെ റിക്കാർഡ് തകർത്ത് ഏക്കാലത്തെയും ഉയർന്ന നിലവാരമായ 74,245.17 ലെത്തി. വാരാന്ത്യം 74,119 ൽ നിലകൊള്ളുന്ന സെൻസെക്സ് ഈ മാസം 75,000 പോയിന്റ് മറികടക്കാം. വിപണി 73,553ലെ സപ്പോർട്ട് നിലനിർത്തുവോളം 74,465ലേക്കും തുടർന്ന് 74,811 ലേക്കും ഉയരാനുള്ള സാധ്യതകൾ തെളിഞ്ഞു നിൽക്കും. ഈസ്റ്ററിന് മുന്നോടിയായി യുഎസ് മാർക്കറ്റിൽനിന്ന് അനുകൂല തരംഗം പ്രതീക്ഷിക്കാം.
മുന്നേറ്റത്തോടെ സ്വർണം
സ്വർണത്തിൽ വൻ മുന്നേറ്റം. യുഎസിലെ നാണയപ്പെരുപ്പ ഭീഷണി ഫണ്ടുകളെ മഞ്ഞലോഹത്തിലേക്ക് അടുപ്പിച്ചു. ട്രോയ് ഔൺസിന് 2082 ഡോളറിൽനിന്നും 2147 ലെ പ്രതിരോധം തകർത്ത് 2195.20 ഡോളർ വരെ സഞ്ചരിച്ചു, വാരാന്ത്യത്തിലെ ലാഭമെടുപ്പിൽ 2185 ഡോളറായി.
വിപണിയുടെ അടിയോഴുക്ക് കണക്കിലെടുത്താൽ 2200 ഡോളറിലേക്ക് പ്രവേശിക്കാനുള്ള തയാറെടുപ്പിലാണ്. പിന്നിട്ട ഒരു വർഷത്തിൽ 16.63 ശതമാനം കയറി സ്വർണ വില ട്രോയ് ഔൺസിന് 310 ഡോളർ ഉയർന്നു. ഈ ഊർജം നിലനിർത്തിയാൽ ആറ് മാസത്തിൽ 2300 ഡോളറിലേക്ക് സ്വർണ വിപണിയുടെ കിരണങ്ങൾ പതിയാം.
വിപണി ഓവർ ബോട്ടായതും റിക്കാർഡ് തലത്തിൽ നീങ്ങുന്നതും ഓപ്പറേറ്റർമാരെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചാൽ 2142 ഡോളറിൽ താങ്ങ് പ്രതീക്ഷിക്കാം.
നാണയപെരുപ്പം സംബന്ധിച്ച പുതിയ കണക്കുകൾ അമേരിക്ക ഈ വാരം പുറത്തുവിടും. ഇത് സ്വർണ വിലയെ സ്വാധീനിക്കുമെങ്കിലും വിപണി ഈ വാരം ഒരു കൺസോളിഡേഷന് ശ്രമം നടത്താം.