മുഴുവന്‍ പശുക്കള്‍ക്കും ഇൻഷ്വറന്‍സ്: മന്ത്രി
Monday, March 11, 2024 1:14 AM IST
കൊച്ചി: സംസ്ഥാനത്തെ മുഴുവന്‍ പശുക്കളെയും സമഗ്ര ഇൻഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടേഴ്സ് യൂണിയന് (കെഎല്‍ഐയു) പത്താം സംസ്ഥാന സമ്മേളനം എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പദ്ധതി നടപ്പിലാകുന്നതോടെ കിടാരി നഷ്ടപ്പെടുന്ന ക്ഷീരകര്ഷകന് പശുവിനെയും നഷ്ടപരിഹാരവും ലഭിക്കുന്നതിന് വഴിയൊരുങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. ഫീല്‍ഡ് സാങ്കേതികവിഭാഗം ജീവനക്കാരായ കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടേഴ്സ് ഉള്‍പ്പെടെയുള്ളവരുടെ കടമകളും കര്‍ത്തവ്യങ്ങളും സംബന്ധിച്ച് വ്യക്തത വേണമെന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ച് അക്കാര്യത്തില്‍ വകുപ്പ് ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ അതിലും ചില പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അവ പുനഃപരിശോധിക്കും. സീനിയോറിറ്റി ലിസ്റ്റ് വൈകാതെ പ്രസിദ്ധപ്പെടുത്തും.
ഓണ്‍ലൈന്‍ സ്ഥലം മാറ്റം 2024 വര്‍ഷം കണക്കാക്കി നടപ്പിലാക്കും. എന്നാല്‍ സ്ഥലം മാറ്റം സംബന്ധിച്ച് കോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ അന്തിമ നടപടി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാകുമെന്നും മന്ത്രി പറഞ്ഞു. പാല് ഉത്പാദനത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഘാടക സമിതി ചെയര്മാൻ കെ.എം. ദിനകരന് അധ്യക്ഷത വഹിച്ചു.