ബാങ്ക് ജീവനക്കാർക്ക് 17% ശന്പള വർധന
Saturday, March 9, 2024 12:17 AM IST
മുംബൈ: രാജ്യത്തെ ബാങ്ക് ജീവനക്കാർക്കും ഓഫീസർമാർക്കും 17 ശതമാനം ശന്പള വർധന അംഗീകരിച്ചു. മുംബൈയിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനും ബാങ്ക് ജീവനക്കാരുടെ സംയുക്ത ഐക്യ വേദിയും തമ്മിലാണ് കരാർ ഒപ്പിട്ടത്.
2022 നവംബർ മുതൽ മുൻകാല പ്രാബല്യമുണ്ടാകും. രാജ്യത്തെ എട്ടു ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാർക്കും ഓഫീസർമാർക്കും ഇതിന്റെ ഗുണം ലഭിക്കും.
വാണിജ്യ ബാങ്ക് ജീവനക്കാർക്കും ഓഫീസർമാർക്കും 17 ശതമാനം വേതന വർധനയും പെൻഷൻ, സേവന വ്യവസ്ഥാ പരിഷ്ക്കരണവും ഉറപ്പാക്കുന്ന പന്ത്രണ്ടാം ഉഭയകക്ഷി വേതന കരാറും ജോയിന്റ് നോട്ടും ഒപ്പുവച്ചു.
മുംബൈയിൽ നടന്ന അന്തിമ യോഗത്തിൽ 12 പൊതുമേഖലാ ബാങ്കുകൾക്കും 10 സ്വകാര്യ ബാങ്കുകൾക്കും മൂന്നു വിദേശ ബാങ്കുകൾക്കും വേണ്ടി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ഭാഗമായ അഞ്ചു വർക്ക്മെൻ യൂണിയനുകളും നാലു ഓഫീസർ സംഘടനകളും തമ്മിലാണ് വേതന സേവന പരിഷ്കരണ കരാർ ഒപ്പുവച്ചത്.
പൊതുമേഖലാ, സ്വകാര്യ വിദേശ ബാങ്കുകളിലെ എട്ടു ലക്ഷത്തിൽപരം ജീവനക്കാർക്കും ഓഫീസർമാർക്കും സേവന, വേതന കരാർ ബാധകമാണ്. പുതിയ ശന്പള കരാർ മൂലം പ്രതിവർഷം 12,449 കോടി രൂപയാണ് ശന്പളച്ചെലവിലുണ്ടാകുന്ന വർധന.
ക്ലറിക്കൽ വിഭാഗം ജീവനക്കാരുടെ അടിസ്ഥാന ശന്പളം തുടക്കത്തിൽ 24,050 രൂപയും അവസാനം 64,480 രൂപയുമാകും. സബോർഡിനേറ്റ് ജീവനക്കാർക്ക് ഇത് യഥാക്രമം 19,500 രൂപയും 37,815 രൂപയുമാകും.