ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് 57 പൊതുമേഖലാ സ്ഥാപനങ്ങള്‍
Wednesday, February 7, 2024 1:00 AM IST
റിച്ചാര്‍ഡ് ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് 57 സ്ഥാപനങ്ങള്‍ മാത്രം. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച അവലോകന റിപ്പോട്ടിലാണ് ഈ വിവരങ്ങളുള്ളത്. മുന്‍ സാമ്പത്തിക വര്‍ഷം 58 പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.
കേരള സ്റ്റേറ്റ് ഫിനാന്‍ഷല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് ആണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും അധികം ലാഭം നേടിയ സ്ഥാപനം. 2022-23 സാമ്പത്തിക വര്‍ഷം 350.88 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് നേടിയത്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ ലാഭത്തിന്റെ 39.46 ശതമാനവും കേരള സ്റ്റേറ്റ് ഫിനാന്‍ഷല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ നേട്ടമാണ്.
ദ കേരള സ്റ്റേറ്റ് ഫിനാന്‍ഷല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്, കേരള ഫിനാന്‍ഷല്‍ കോര്പറേഷന്, കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്പറേഷന് ലിമിറ്റഡ്, ഫാര്‍മസ്യൂട്ടിക്കല്‍ കോര്പറേഷന് (ഇന്ത്യന്‍ മെഡിസിന്‍സ്) കേരളം ലിമിറ്റഡ്, കേരള സംസ്ഥാന പാനീയങ്ങള്‍ (നിര്‍മാണവും വിപണനവും) കോര്പറേഷന് ലിമിറ്റഡ്, കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് പ്രവര്‍ത്തന ലാഭത്തില്‍ രണ്ടു മുതല്‍ 10 വരെ സ്ഥാനങ്ങളില്‍ ഉള്ളത്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40,774.07 കോടി രൂപ വിറ്റുവരവ് നേടിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഒന്‍പത് ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 37,405 കോടി രൂപയായിരുന്നു വിറ്റുവരവ്. സംസ്ഥാനത്തെ 67 പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കെടുത്താല്‍ പ്രവര്‍ത്തന ലാഭത്തില്‍ 23.46 ശതമാനം വര്‍ധനവാണുള്ളത്.
2021-22ലെ പ്രവര്‍ത്തന ലാഭം 1643.03 ആയിരുന്നെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 2025.53 കോടി രൂപയായി ഉയര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷം ലാഭത്തില്‍ പ്രവര്‍ത്തിച്ച 57 പൊതുമേഖലാ സ്ഥാപനങ്ങള്‍ 889.15 കോടി രൂപയുടെ ലാഭമുണ്ടാക്കിയതായാണ് കണക്ക്.
മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 855.02 കോടി രൂപയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ 14 സ്ഥാപനങ്ങള്‍ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ക്കായി 8.13 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരില്‍നിന്നു ഗ്രാന്റ് ഇനത്തില്‍ 22 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1444.75 കോടി രൂപയാണ് നേടിയത്. ഏഴു സ്ഥാപനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1936.20 കോടി രൂപ ഗ്രാന്റ് നല്‍കിയിട്ടുണ്ട്. 1,29,982 പേരാണ് റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. 2021-22 സാമ്പത്തിക വര്‍ഷം ഇത് 1,27,416 പേരായിരുന്നു.
കൃത്യമായി ഓഡിറ്റ് നടത്തുന്നത് 35 സ്ഥാപനങ്ങള്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ കൃത്യമായി ഓഡിറ്റ് നടത്തുന്നത് 35 സ്ഥാപനങ്ങള്‍ മാത്രം. 94 പൊതുമേഖലാ സ്ഥാപനങ്ങള്‍ കൃത്യമായി ഓഡിറ്റ് നടത്തുന്നില്ല.
രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ച് സര്‍ക്കാരിന്റെ പക്കല്‍ യാതൊരു വിവരവുമില്ലെന്നും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
എട്ടു വര്‍ഷമായി ഓഡിറ്റ് നടത്താത്ത ഒരു സ്ഥാപനവും ഏഴു വര്‍ഷമായി ഓഡിറ്റ് നടത്താത്ത മൂന്നു സ്ഥാപനങ്ങളുമുണ്ട്. ആറു വര്‍ഷമായി ഒരുസ്ഥാപനം ഓഡിറ്റ് നടത്തുന്നില്ല. അഞ്ചു വര്‍ഷമായി ഓഡിറ്റ് നടത്താത്ത മൂന്നു സ്ഥാപനവും നാലു വര്‍ഷമായി ഓഡിറ്റ് നടത്താത്ത ആറു സ്ഥാപനവുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.