ഐബിഎസിന്റെ വളര്‍ച്ച വ്യവസായ സൗഹൃദാന്തരീക്ഷത്തിന്റെ നേര്‍സാക്ഷ്യം: മുഖ്യമന്ത്രി
Monday, February 5, 2024 1:02 AM IST
കൊച്ചി: ആഗോള ഐടി വ്യവസായത്തില്‍ ഐബിഎസിന്റെ വളര്‍ച്ച കേരളത്തിലെ വ്യവസായ സൗഹൃദാന്തരീക്ഷത്തിന്റെ നേര്‍സാക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഐബിഎസ് സോഫ്റ്റ്വേറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ കാമ്പസ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
19,066 കോടി രൂപയുടെ സോഫ്റ്റ്വേയര് കയറ്റുമതിയാണ് 2022-23 വര്‍ഷത്തില്‍ നടന്നത്. രാജ്യത്തെ ഐടി കയറ്റുമതിയുടെ 10 ശതമാനം കേരളത്തില്‍ നിന്നാകണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ചു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300ല്‍നിന്ന് 5000 ആയി ഉയര്‍ന്നു.
സ്റ്റാര്‍ട്ടപ്പ് മേഖലയിലെ ദേശീയ റേറ്റിംഗിലെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്കാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ലഭിച്ചത്. അഫോര്‍ഡബിള്‍ ടാലന്റ് റേറ്റിംഗില്‍ ഏഷ്യയില്‍ ഒന്നാമതാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വ്യവസായം വളരില്ലെന്ന് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഐബിഎസ് നല്‍കുന്നതെന്നും ഇവിടത്തെ വ്യവസായ സൗഹൃദാന്തരീക്ഷത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ് ഐബിഎസ് എക്സിക്യൂട്ടീവ് ചെയര്മാന് വി.കെ. മാത്യൂസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ കാമ്പസിലൂടെ 300 കോടിയോളം രൂപയുടെ നിക്ഷേപമാണ് ഐബിഎസ് കേരളത്തില്‍ നടത്തിയതെന്ന് വി.കെ. മാത്യൂസ് പറഞ്ഞു. ഐബിഎസ് സോഫ്റ്റ്വേര്‍ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ ആര്മിന് മായര്‍, സിയാല്‍ എംഡി എസ്. സുഹാസ്, ബ്ലാക്ക്സ്റ്റോണ്‍ സീനിയര്‍ എംഡി ഗണേഷ് മണി, ഐബിഎസ് ഗ്ലോബല്‍ എച്ച്ആര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പി. ജയന്, അസോസിയേറ്റ് മാനേജര്‍ അശ്വിന് ഐവാന്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.