ബാങ്കോക്കിലേക്ക് തായ് എയർവേസിന്റെ പ്രീമിയം ക്ലാസ് സർവീസുകൾ
Wednesday, January 24, 2024 12:17 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ബാങ്കോക്കിലേക്ക് തായ് എയർവേസിന്റെ പ്രീമിയം ക്ലാസ് വിമാന സർവീസുകൾ ആരംഭിക്കുന്നു. വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി മാർച്ച് 31നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
ആഴ്ചയിൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഈ സർവീസുകൾ തുടങ്ങുന്നത്. ഇതോടെ കൊച്ചിയിൽനിന്നു ബാങ്കോക്കിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം ആഴ്ചയിൽ പത്തായി ഉയരും. തായ്ലൻഡിലേക്ക് നേരിട്ടുള്ള ആഡംബര വിമാന യാത്രാനുഭവമാണ് യാത്രക്കാർക്ക് ഇതിലൂടെ സിയാൽ സാധ്യമാക്കുന്നത്.
ടി ജി 347 വിമാനം, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ബാങ്കോക്കിൽനിന്ന് 21.40 ന് പുറപ്പെട്ട് 00.35 ന് കൊച്ചിയിൽ എത്തിച്ചേരും. തിരിച്ചുള്ള വിമാനം ടി ജി 348, കൊച്ചിയിൽനിന്നു രാത്രി 01.40 ന് പുറപ്പെട്ട് 07.35 ന് ബാങ്കോക്കിൽ എത്തിച്ചേരും. നിലവിൽ കൊച്ചി വിമാനത്താവളത്തിൽനിന്ന് ബാങ്കോക്കിലെ ഡോൺ മുവാങ് വിമാനത്താവളത്തിലേക്ക് എയർ ഏഷ്യയുടെ പ്രതിദിന വിമാന സർവീസുകളുണ്ട്.
പുതിയ രാജ്യാന്തര - ആഭ്യന്തര റൂട്ടുകൾ ഉടനടി സജീവമാക്കുന്നതിനും വൈവിധ്യമാർന്ന യാത്രാ ഓപ്ഷനുകൾ യാത്രക്കാർക്ക് ലഭ്യമാക്കുന്നതിനും നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് അറിയിച്ചു. ഈമാസം അവസാനത്തോടെ കൊച്ചിയിൽനിന്ന് കണ്ണൂർ, മൈസൂരു, ട്രിച്ചി, തിരുപ്പതി എന്നിവിടങ്ങളിലേക്ക് അലയൻസ് എയറിന്റെ പുതിയ സർവീസുകൾ ആരംഭിക്കുന്നുണ്ട്.